വൈദ്യുതി പ്രതിസന്ധിയില്ല… പ്രതിസന്ധി വന്നാൽ അപ്പോൾ നോക്കാം… എ.പി. അനിൽകുമാർ

കോഴിക്കോട്: സംസ്ഥാനത്ത് നിലവിൽ വൈദ്യുതി പ്രതിസന്ധിയില്ലെന്ന് കെ.പി.സി.സി വർക്കിങ് പ്രസിഡന്റും റവന്യൂമന്ത്രിയുമായ എ.പി. അനിൽകുമാർ. വൈദ്യുതി പ്രതിസന്ധി ഉണ്ടാകുന്ന സാഹചര്യമുണ്ടായാൽ അപ്പോൾ ആവശ്യമായ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. മന്ത്രിസഭയായാലും കെ.എസ്.ഇ.ബിയായാലും ഏറ്റവും കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാനാണ് ശ്രമിക്കുന്നത്. ആവശ്യം വരുന്ന ഘട്ടത്തിൽ കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കെ.പി.സി.സി പ്രസിഡന്റിനെ സംബന്ധിച്ച ചോദ്യത്തിന്, ഹൈക്കമാൻഡ് ഉചിതമായ സമയത്ത് തീരുമാനം കൈക്കൊള്ളുമെന്നായിരുന്നു മറുപടി. ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനം എല്ലാവരും അംഗീകരിക്കും. അധ്യക്ഷസ്ഥാനത്തേക്ക് പല പേരുകളും മാധ്യമങ്ങളാണ് ഉയർത്തിക്കാട്ടുന്നത്. അത്തരം വാർത്തകൾക്കെല്ലാം മറുപടി പറയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. സഭ നിർദേശിച്ച വ്യക്തിയെ റവന്യൂമന്ത്രിയുടെ സ്റ്റാഫ് സെക്രട്ടറിയായി നിയമിച്ചെന്ന തലശ്ശേരി അതിരൂപതാ ആർച്ച് ബിഷപ്പ് ജോസഫ് പ്ലാംപ്ലാനിയുടെ പ്രസ്താവനയെക്കുറിച്ചുള്ള ചോദ്യത്തിന് പ്രതികരിക്കാനില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി.

Related Articles

Back to top button