സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ല… എസ്. വളർമതി

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തലിൽ നിന്ന് പൊലീസ് ബലംപ്രയോഗിച്ച് നീക്കിയ സമരസമിതി കൺവീനർ എസ്. വളർമതി വീണ്ടും സമരകേന്ദ്രത്തിലെത്തി. സർക്കാരിന് സമരത്തെ അടിച്ചമർത്താനാകില്ലെന്നും നിരാഹാര സമരം തുടരുമെന്നും വളർമതി വ്യക്തമാക്കി. സാമ്പത്തിക ബാധ്യതയില്ലാത്ത, ഉദ്യോഗാർഥികൾ ആവശ്യപ്പെടുന്ന കാര്യം പോലും സർക്കാർ ചെയ്തുതരുന്നില്ലെന്ന് വളർമതി ആരോപിച്ചു. ഉദ്യോഗാർഥികളെ പറഞ്ഞുപറ്റിക്കുന്ന സർക്കാർ നിലപാടിനെതിരെ ശക്തമായ പ്രതിഷേധം തുടരുമെന്നും അവർ പറഞ്ഞു.
ആരോഗ്യനില മോശമായിരുന്നിട്ടും പൊലീസ് ബലംപ്രയോഗിച്ചാണ് തന്നെ സമരകേന്ദ്രത്തിൽ നിന്ന് കൊണ്ടുപോയതെന്ന് വളർമതി ആരോപിച്ചു. ജനറൽ ആശുപത്രിയിലെത്തിച്ച ശേഷം രാവിലെ ഏഴര വരെ ചികിത്സയൊന്നും നൽകിയില്ലെന്നും രക്തസമ്മർദം പോലും പരിശോധിച്ചില്ലെന്നും അവർ പറഞ്ഞു. സമരകേന്ദ്രത്തിൽ നിന്ന് തന്നെ മാറ്റാനുള്ള ബോധപൂർവമായ നീക്കമാണ് പൊലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും വളർമതി ആരോപിച്ചു. അതേസമയം, എൽപിഎസ്ടി റാങ്ക് ഹോൾഡേഴ്സിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എഐവൈഎഫ് സെക്രട്ടേറിയറ്റിലേക്ക് മാർച്ച് നടത്തി. സെക്രട്ടേറിയറ്റിന് മുന്നിലെത്തിയ മാർച്ചിന് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.



