സമരപ്പന്തൽ ഞങ്ങൾ സംരക്ഷിക്കും… ഉദ്യോഗാർഥികൾക്കൊപ്പം ഏതറ്റം വരെയും പോകും… സർക്കാരിനെതിരെ…

തിരുവനന്തപുരം: എൽപിഎസ്ടി ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊലീസ് പൊളിച്ചുനീക്കിയ നടപടിക്കെതിരെ രൂക്ഷ വിമർശനവുമായി ഡിവൈഎഫ്ഐ നേതാവ് ചിന്ത ജെറോമും എ.എ. റഹീം എംപിയും. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കൊപ്പം ഏതറ്റം വരെയും പോകുമെന്നും ബദൽ സമരപ്പന്തൽ സംരക്ഷിക്കുമെന്നും ചിന്ത ജെറോം വ്യക്തമാക്കി. നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ മുഖ്യമന്ത്രി ആയതിനുശേഷം വി.ഡി. സതീശന് കഴിയുന്നില്ലെന്നായിരുന്നു ചിന്തയുടെ വിമർശനം.
‘എന്റെ ശരീരം വേദനിക്കുന്നു’ എന്നാണ് വളർമതി ഇന്നലെ പൊലീസിനോട് പറഞ്ഞത്. മെഡിക്കൽ റിപ്പോർട്ട് അടക്കം പൊലീസ് കൈവശം വെച്ചുവെന്നും അവർ ആരോപിച്ചു. ഒരു ഭീകര ക്യാമ്പ് ഒഴിപ്പിക്കുന്നതുപോലെയായിരുന്നു പൊലീസിന്റെ നടപടിയെന്നും ചിന്ത വിമർശിച്ചു. ഡിവൈഎഫ്ഐ ഉടൻ തന്നെ ബദൽ സമരപ്പന്തൽ സൃഷ്ടിച്ചു. ആ സമരപ്പന്തൽ സംരക്ഷിക്കും. സമരം ചെയ്യുന്ന ഉദ്യോഗാർഥികൾക്കൊപ്പം ഏതറ്റം വരെയും ഉണ്ടാകുമെന്നും ചിന്ത കൂട്ടിച്ചേർത്തു. സമാധാനപരമായി പ്രതിഷേധിക്കാൻ അവകാശമില്ലെന്നാണ് വി.ഡി. സതീശൻ സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് എ.എ. റഹീം എംപി ആരോപിച്ചു. സമരങ്ങളോടുള്ള സർക്കാരിന്റെ സമീപനം ബിജെപിയുടേതിന് സമാനമാണ്. കേരളത്തിന്റെ ആഭ്യന്തര ചുമതല അമിത് ഷാ ഏറ്റെടുത്തതുപോലെയാണ് പൊലീസ് പ്രവർത്തിച്ചതെന്നും അദ്ദേഹം വിമർശിച്ചു. ജന്തർ മന്തറിലെ നടപടികളെ ഓർമിപ്പിക്കുന്നതായിരുന്നു ഇന്നലത്തെ പൊലീസ് നടപടിയെന്നും സോനം വാങ്ചുക്കിനെ അറസ്റ്റ് ചെയ്തതിന് സമാനമായ സാഹചര്യമാണ് ഉണ്ടായതെന്നും റഹീം പറഞ്ഞു.
ബിജെപിക്ക് പ്രചാരണത്തിന് ആയുധം നൽകുന്ന നടപടിയാണ് കേരളത്തിലെ കോൺഗ്രസ് സ്വീകരിച്ചത്. വിഷയത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിലപാട് എന്താണെന്നും ദേശീയ നേതൃത്വം ഇക്കാര്യം പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വി.ഡി. സതീശന്റെയും അമിത് ഷായുടെയും ശബ്ദം ഒരുപോലെയാണെന്നും ഇത് കേരളം തിരിച്ചറിയുമെന്നും എ.എ. റഹീം പറഞ്ഞു. ഉദ്യോഗാർഥികളുടെ സമരപ്പന്തൽ പൊളിച്ചുനീക്കിയ സർക്കാർ നടപടിയെ ഡിവൈഎഫ്ഐ ശക്തമായി അപലപിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.



