പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണം; സിൽക്ക് ഉദ്യോഗസ്ഥരോടും കമ്പനി ഡയറക്ടർമാരോടും..

കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി. ദിവ്യയ്ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി തിങ്കളാഴ്ച (നവംബർ 30) കോഴിക്കോട്ടെ വിജിലൻസ് ഓഫീസിൽ ഹാജരാകാൻ സ്റ്റീൽ ഇൻഡസ്ട്രിയൽസ് കേരള ലിമിറ്റഡ് (സിൽക്ക്) ഉദ്യോഗസ്ഥർക്ക് വിജിലൻസ് നിർദ്ദേശം നൽകി. കൂടാതെ കാർട്ടൺ ഇന്ത്യ കമ്പനി ഡയറക്ടർമാരോടും ചോദ്യം ചെയ്യലിനായി ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
അന്വേഷണത്തിന്റെ ഭാഗമായി കാർട്ടൺ അലയൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എം.ഡി. മുഹമ്മദ് ആസിഫിന്റെ മൊഴി വിജിലൻസ് നേരത്തെ രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട കരാറുകളുടെ രേഖകളും ജി.എസ്.ടി. അടച്ചതിന്റെ തെളിവുകളും ഹാജരാക്കാൻ നിർദ്ദേശിച്ചിട്ടുണ്ട്. നേരത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് ഓഫീസിലും സിൽക്കിലും പരിശോധന നടത്തി വിജിലൻസ് പ്രധാന രേഖകൾ പിടിച്ചെടുത്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കാർട്ടൺ അലയൻസ് ഇന്ത്യയിലും വിജിലൻസ് പരിശോധന നടത്തിയത്. കണ്ണൂർ ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട 12 കോടി രൂപയിലധികം വരുന്ന കരാറുകളിൽ അഴിമതിയും ക്രമക്കേടുകളും നടന്നുവെന്നാരോപിച്ച് ലഭിച്ച പരാതിയെത്തുടർന്നാണ് വിജിലൻസ് അന്വേഷണം പുരോഗമിക്കുന്നത്.



