രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്; അന്വേഷണം

ചെറുപുഴ മീന്തുള്ളി കാര്യങ്കോട് പുഴയിൽ രക്ഷാപ്രവർത്തനത്തിനിടെ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ട തിരുവനന്തപുരം സ്വദേശി ആർ രാജേഷിന്റെ മൃതദേഹം തൃശൂർ ചാവക്കാട് വരെ ഫ്രീസർ സൗകര്യമില്ലാത്ത വാഹനത്തിൽ കൊണ്ടുപോവാനിടയായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ എഡിഎം പിഎൻ പുരുഷോത്തമനെ ജില്ലാ കലക്ടർ പി വിഷ്ണു രാജ് ചുമതലപ്പെടുത്തി. ചെറുപുഴ മീന്തുള്ളിയിൽ പ്രളയ മുഖത്തെ രക്ഷാപ്രവർത്തനത്തിനിടെ സ്വന്തം ജീവൻ ബലി നൽകിയ ആർ രാജേഷിനോട് അനാദരവ് കാണിച്ചതായുള്ള ആരോപണം ശക്തമായതിനെ തുടർന്നാണ് നടപടി.
രാജേഷിന്റെ മൃതദേഹം തിരുവനന്തപുരത്തെ വീട്ടിൽ എത്തിച്ചതിൽ തികഞ്ഞ അനാസ്ഥ. ഫ്രീസർ സംവിധാനം ഇല്ലാത്ത ആംബുലൻസിലാണ് എബാം ചെയ്യാത്ത മൃതദേഹം തൃശൂർ ചാവക്കാട് വരെ എത്തിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് എത്തിച്ച മൃതദേഹം വഴിയിൽ വെച്ച് മറ്റൊരു ആംബുലൻസിൽ കയറ്റുകയായിരുന്നു.



