മുത്തങ്ങ കേസിൽ എം. ഗീതാനന്ദൻ അടക്കം നാല് പ്രതികളുടെ ശിക്ഷ….

കൊച്ചി: മുത്തങ്ങയിൽ പൊലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ അടക്കം നാല് പ്രതികളുടെ ശിക്ഷ ഹൈക്കോടതി താൽക്കാലികമായി മരവിപ്പിച്ചു. പ്രതികൾ സമർപ്പിച്ച അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി. ഓരോ പ്രതിയും 46,000 രൂപ വീതം കെട്ടിവയ്ക്കണമെന്ന് കോടതി നിർദേശിച്ചു. അപ്പീലിൽ പിന്നീട് വിശദമായ വാദം കേൾക്കും. വിചാരണ കോടതി വിധിയിൽ പിഴവുകളുണ്ടെന്ന് ഹൈക്കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു.

പൊലീസ് ഉദ്യോഗസ്ഥൻ സലാമിനെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ എം. ഗീതാനന്ദൻ ഉൾപ്പെടെ നാല് പ്രതികൾക്ക് വയനാട് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി അഞ്ച് വർഷം കഠിനതടവും 10,000 രൂപ പിഴയും വിധിച്ചിരുന്നു. മുത്തങ്ങ സമരത്തിനിടെ കൊല്ലപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ കെ.വി. വിനോദിന്റെ കുടുംബത്തിന് ഏഴ് ലക്ഷം രൂപ നൽകാനും കോടതി ഉത്തരവിട്ടിരുന്നു. 2003 ഫെബ്രുവരി 19-നാണ് മുത്തങ്ങ വന്യജീവി സങ്കേതത്തിലെ ഭൂമി കൈയേറിയ ആദിവാസികളെ ഒഴിപ്പിക്കുന്നതിനിടെ സംഘർഷമുണ്ടായത്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥനായ കെ.വി. വിനോദ് കൊല്ലപ്പെട്ടത്. കേരള ചരിത്രത്തിലെ രക്തരൂക്ഷിതമായ ആദിവാസി സമരങ്ങളിലൊന്നായിരുന്നു സി.കെ. ജാനുവിന്റെ നേതൃത്വത്തിൽ മുത്തങ്ങയിൽ നടന്ന ഭൂസമരം.

Related Articles

Back to top button