‘മുത്തശ്ശിക്കഥകളുമായി’ സോഷ്യൽ മീഡിയ കീഴടക്കിയ അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് വിട

കോട്ടയം: ഇൻസ്റ്റഗ്രാമിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ അമ്മുക്കുട്ടി അമ്മൂമ്മ അന്തരിച്ചു. 106 വയസായിരുന്നു. വാർധക്യസഹജമായ ബുദ്ധിമുട്ടുകളെ തുടർന്നായിരുന്നു അന്ത്യം. ചെറുമകൾ ഗോപികയാണ് ഇൻസ്റ്റഗ്രാമിലൂടെ മരണവിവരം അറിയിച്ചത്. 106-ാം വയസിലും കൊച്ചുമക്കളുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ജീവിതത്തിലെ വിശേഷങ്ങൾ പങ്കുവെച്ച് സജീവമായിരുന്നു അമ്മുക്കുട്ടി അമ്മൂമ്മ. ഒരു നൂറ്റാണ്ടിലേറെ നീണ്ട ജീവിതത്തിലെ അനുഭവങ്ങളും കഥകളും പഴഞ്ചൊല്ലുകളും ഗുണപാഠങ്ങളുമെല്ലാം കട്ടിലിലിരുന്ന് സ്വന്തം ശൈലിയിൽ പറഞ്ഞുതരുന്ന അമ്മൂമ്മയ്ക്ക് സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരുണ്ടായിരുന്നു.
സ്‌കൂളിൽ പോയിരുന്ന കാലത്തെ ഓർമകളും പ്രണയകാലത്തെ വിശേഷങ്ങളും കോട്ടയം അയ്മനത്തെ ജീവിതാനുഭവങ്ങളുമെല്ലാം അമ്മുക്കുട്ടി അമ്മൂമ്മയുടെ വാക്കുകളിലൂടെ മലയാളികൾ കേട്ടറിഞ്ഞു. ചെറുമകൾ ഗോപികയുടെ ഇൻസ്റ്റഗ്രാം പേജിലൂടെയാണ് അമ്മുക്കുട്ടി അമ്മൂമ്മ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയയായത്. കടുത്ത മോഹൻലാൽ ആരാധികയായിരുന്ന അമ്മുക്കുട്ടി അമ്മൂമ്മയ്ക്ക് താരത്തെ നേരിൽ കാണണമെന്ന വലിയ ആഗ്രഹമുണ്ടായിരുന്നു. മോഹൻലാൽ അമ്മൂമ്മയുമായി വീഡിയോ കോളിലൂടെ സംസാരിച്ച ദൃശ്യങ്ങൾ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാൽ മോഹൻലാലിനെ നേരിൽ കാണണമെന്ന ആഗ്രഹം ബാക്കിവെച്ചാണ് അമ്മുക്കുട്ടി അമ്മൂമ്മയുടെ മടക്കം. കഥകളും ഓർമകളും അനുഭവങ്ങളും പങ്കുവെച്ച് മലയാളികളുടെ സോഷ്യൽ മീഡിയ ഇടത്തിൽ വേറിട്ട സാന്നിധ്യമായിരുന്ന അമ്മുക്കുട്ടി അമ്മൂമ്മയുടെ വിയോഗം ആരാധകരിലും വലിയ ദുഃഖമാണ് സൃഷ്ടിച്ചിരിക്കുന്നത്.



