തമിഴ്നാടിന്റെ നിയന്ത്രണം… കേരളത്തിന് ഇളവ് തേടി മുഖ്യമന്ത്രി

തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ നിന്ന് കേരളത്തെ ഒഴിവാക്കുന്ന കാര്യം പരിഗണിക്കുമെന്ന് തമിഴ്നാട്. തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ് ഇക്കാര്യം അറിയിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. മഹാബലിപുരത്ത് നടന്ന സതേൺ സോണൽ കൗൺസിൽ യോഗത്തിനിടെ തമിഴ്നാട് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് വി.ഡി. സതീശൻ വിഷയം ഉന്നയിച്ചത്. കേരളത്തിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ച് നിയന്ത്രണത്തിൽ ഇളവ് നൽകണമെന്നായിരുന്നു ആവശ്യം. ഇക്കാര്യത്തിൽ ഇരു സംസ്ഥാനങ്ങളും കൂടുതൽ ചർച്ചകൾ നടത്തി ഉടൻ ഉചിതമായ തീരുമാനം എടുക്കാമെന്ന ധാരണയിലെത്തിയതായി മുഖ്യമന്ത്രി പറഞ്ഞു. നിർമാണ സാമഗ്രികളുടെ ലഭ്യതയുമായി ബന്ധപ്പെട്ട് കേരളം നേരിടുന്ന സാഹചര്യം നേരത്തെ ചൂണ്ടിക്കാട്ടി തമിഴ്നാട് മുഖ്യമന്ത്രിക്ക് വി.ഡി. സതീശൻ കത്തും നൽകിയിരുന്നു.



