മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ഇന്ത്യാസഖ്യത്തിന്റെ വൻ പ്രതിഷേധം… രാഹുൽ ഗാന്ധിയും പ്രിയങ്കയും….

ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഇന്ത്യാസഖ്യം എം.പിമാരുടെ നേതൃത്വത്തിൽ ഡൽഹിയിൽ ശക്തമായ പ്രതിഷേധം. പാർലമെന്റിന് മുന്നിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ആരംഭിച്ച പ്രതിഷേധ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്ന് വൻ സംഘർഷവും നാടകീയ രംഗങ്ങളുമാണ് അരങ്ങേറിയത്. ‘സേവ് ഡെമോക്രസി’ (ജനാധിപത്യത്തെ രക്ഷിക്കുക) എന്നെഴുതിയ ബാനറുകളുമായാണ് എം.പിമാർ മാർച്ചിൽ പങ്കെടുത്തത്. രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് തുടങ്ങിയവർ പ്രതിഷേധ മാർച്ചിന് നേതൃത്വം നൽകി.
പ്രതിഷേധ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് എം.പിമാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ഇതിനിടയിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് ബാരിക്കേഡിന് മുകളിൽ കയറി പ്രതിഷേധം കടുപ്പിച്ചു. ആർ.എസ്.എസ് യൂണിഫോം ധരിച്ച ഗ്യാനേഷ് കുമാറിന്റെ കട്ടൗട്ടുകളുമായാണ് പ്രതിപക്ഷം പ്രതിഷേധത്തിനെത്തിയത്. ബി.ജെ.പിക്ക് അവരുടെ ഓഫീസ് തിരഞ്ഞെടുപ്പ് കമ്മീഷനിൽ തന്നെ സ്ഥാപിക്കാമെന്നായിരുന്നു എസ്.പി നേതാവ് അഖിലേഷ് യാദവിന്റെ രൂക്ഷമായ വിമർശനം. എം.പിമാർ പിന്മാറാൻ തയ്യാറാകാത്തതിനെ തുടർന്ന് ബലപ്രയോഗത്തിലൂടെ പൊലീസ് ഇവരെ നീക്കം ചെയ്തു. തുടർന്ന് ഇ.ടി. മുഹമ്മദ് ബഷീർ, ഡീൻ കുര്യാക്കോസ് തുടങ്ങിയ പ്രമുഖ എം.പിമാരെ കസ്റ്റഡിയിൽ എടുത്തു നീക്കുകയുണ്ടായി.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള ആരോപണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപക പ്രതിഷേധത്തിന് തുടക്കമിടാൻ കോൺഗ്രസ് തീരുമാനിച്ചിട്ടുണ്ട്. വരുന്ന ശനിയാഴ്ച മുതൽ വോട്ട് ബച്ചാവോ ദേശ് ബാച്ചാവോ ക്യാമ്പയിന് തുടക്കമാകും. നവംബർ 1-ന് ഡൽഹി രാംലീലാ മൈതാനത്ത് വൻ മഹാറാലി സംഘടിപ്പിക്കാനും ഇന്ത്യാസഖ്യം തീരുമാനിച്ചിട്ടുണ്ട്.




