ED ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്… ഡിജിപിയെ അടിയന്തരമായി വിളിപ്പിച്ച് ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങുകയായിരുന്ന എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഉദ്യോഗസ്ഥരെ സി.പി.ഐ.എം പ്രവർത്തകർ ക്രൂരമായി ആക്രമിച്ച സംഭവത്തിൽ നേരിട്ട് ഇടപെട്ട് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. അതീവ ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതെന്ന വിലയിരുത്തലിൽ ആഭ്യന്തര മന്ത്രി സംസ്ഥാന പോലീസ് മേധാവിയെ അടിയന്തരമായി വിളിപ്പിച്ചു. സംഭവത്തിൽ ഡി.ജി.പി ഉടൻ തന്നെ മന്ത്രിക്ക് നേരിട്ട് വിശദീകരണം നൽകും.
അതേസമയം, കേസിൽ ഇന്ന് നാല് സി.പി.ഐ.എം പ്രവർത്തകർ കൂടി പോലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 11 ആയി ഉയർന്നു. ഇ.ഡി അസിസ്റ്റന്റ് ഡയറക്ടറുടെ പരാതിയിൽ മ്യൂസിയം പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറിലെ ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കണ്ടാലറിയാവുന്ന 300-ഓളം പേർക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
പ്രതികൾ മാരകായുധങ്ങളുമായി നിയമവിരുദ്ധമായി സംഘം ചേരുകയും, ഇ.ഡി ഉദ്യോഗസ്ഥർ പുറത്തേക്ക് വരുന്ന സമയം നോക്കി നിലയുറപ്പിക്കുകയും ചെയ്തു. “കൊല്ലെടാ…” എന്ന് ഉറക്കെ ആക്രോശിച്ചുകൊണ്ടാണ് പ്രതികൾ ഇ.ഡി ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനങ്ങൾക്ക് നേരെ പാഞ്ഞടുത്തത്. ഉദ്യോഗസ്ഥരുടെ കാറുകൾ പൂർണ്ണമായും അടിച്ചുതകർത്തു. വടികൾ ഉപയോഗിച്ചുള്ള അക്രമത്തിൽ ഒരു ഇ.ഡി ഉദ്യോഗസ്ഥന്റെ കൈക്ക് ഗുരുതരമായി പരിക്കേറ്റു. ഇ.ഡി സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവറെ മാരകമായ ഇഷ്ടിക ഉപയോഗിച്ച് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമം നടന്നു. പ്രതികളെ തടയാൻ ശ്രമിച്ച കേരള പോലീസ് ഉദ്യോഗസ്ഥരെയും, ഇ.ഡിക്ക് സുരക്ഷയൊരുക്കിയ കേന്ദ്ര സേനയായ സി.ആർ.പി.എഫ് ജവാന്മാരെയും വടികളും കല്ലുകളും ഇരുമ്പ് ദണ്ഡുകളും ഉപയോഗിച്ച് പ്രതികൾ ക്രൂരമായി ആക്രമിച്ചു.
തിരുവനന്തപുരത്ത് നടന്നത് തികച്ചും ആസൂത്രിതമായ അക്രമമാണെന്നാണ് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് ഔദ്യോഗികമായി വിലയിരുത്തുന്നത്. ഇ.ഡി സെർച്ച് ടീമും സി.ആർ.പി.എഫ് ഉദ്യോഗസ്ഥരും സഞ്ചരിച്ചിരുന്ന മൂന്ന് ഔദ്യോഗിക കാറുകളാണ് സി.പി.ഐ.എം പ്രവർത്തകർ തല്ലിത്തകർത്തത്. തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരുവിധ പ്രകോപനവും ഉണ്ടായിട്ടില്ലെന്നും, റെയ്ഡ് പൂർത്തിയാക്കി മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥരെ വഴിതടഞ്ഞ് ഇരുമ്പ് ദണ്ഡുകളും ഇഷ്ടികകളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നുവെന്നും ഇ.ഡി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നു. സംഭവത്തിൽ ആഭ്യന്തര വകുപ്പ് കടുത്ത നടപടികളിലേക്ക് നീങ്ങുന്നതോടെ വരും മണിക്കൂറുകളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കും.



