വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി….

മിഷന് ചക്കക്കൊമ്പന്റെ ഭാഗമായി ചിന്നക്കനാലിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. നിരോധനാജ്ഞ പ്രഖ്യാപിച്ച ആറ് വാര്‍ഡുകളിലെ അങ്കണവാടികള്‍, പ്രൊഫഷണല്‍ കോളജുകള്‍, ട്യൂഷന് സെന്ററുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യസ സ്ഥാപനങ്ങള്‍ക്കാണ് അവധി. വിനോദ സഞ്ചാര മേഖലക്കും നിയന്ത്രണം ഏര്‍പ്പെടുത്തി. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയര്‍ എന്നിവ നിരോധിച്ചു. നാളെയാണ് ദൗത്യ നിര്‍വഹണത്തിനായി വനം വകുപ്പ് തെരഞ്ഞെടുത്ത ദിവസം. ഇന്ന് രാത്രി 12 മണി മുതല്‍ ചിന്നക്കനാലില്‍ നിരോധനാജ്ഞ നിലവില്‍ വരും.
ആളുകള്‍ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കുണ്ട്. തടാകക്കരയില്‍ തുടരുന്ന ഒറ്റയാന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്നാണ് വെറ്റിനറി റിപ്പോര്‍ട്ട്.ഇന്നലെ തടാകം നീന്തിക്കടന്ന് തുരുത്തിലെത്തിയ ഒറ്റയാന് ഇന്ന് പുലര്‍ച്ചെ 80 ഏക്കറിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. 301ലെ പുല്‍മേടുകളിലേക്ക് ഇവിടെ നിന്ന് അധിക ദൂരമില്ല. നിലവില്‍ വനം വകുപ്പ് സംഘം പൂര്‍ണ സജ്ജരാണ്. സിമന്റ് പാലത്തെ കുങ്കി ക്യാമ്പില്‍ നടന്ന മോക് ഡ്രില്ലോടെ ഒരുക്കങ്ങള്‍ അവസാനിച്ചിരുന്നു. ഒറ്റയാനെ മയക്കുവെടി വെക്കാനായി ഒന്നിലധികം സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.



