ടിവികെ എംഎൽഎക്കെതിരെ കേസെടുത്ത് പൊലീസ്; അശ്ലീല സന്ദേശം അയച്ചെന്ന കളക്ടറുടെ പരാതിയിൽ..

സർക്കാർ ഉദ്യോഗസ്ഥയ്ക്ക് അശ്ലീല സന്ദേശം അയച്ചെന്ന പരാതിയിൽ ടിവികെ എംഎൽഎയ്ക്കെതിരെ കേസെടുത്തു കള്ളക്കുറിച്ചി പൊലീസ്. അരുൾ വിഘ്നേഷിനെതിരെ ഇന്നലെ സ്ത്രീ പരാതി നൽകിയതോടെ ആണ് നടപടി. കേസെടുത്തതായി മദ്രാസ് ഹൈക്കോടതിയിൽ രാവിലെ സർക്കാർ അഭിഭാഷകൻ അറിയിച്ചു. കേസിൽ എംഎൽഎയെ സംരക്ഷിക്കാൻ തുടക്കം മുതൽ ശ്രമിച്ച വിജയ് സർക്കാരിന് കോടതി ഇടപെടൽ കനത്ത പ്രഹരമാണ്. ചീഫ് സെക്രട്ടറിക്കും ശുചീകരണ തൊഴിലാളിക്കും ഒരേ സുരക്ഷ നൽകാൻ സർക്കാരിന് ബാധ്യത ഉണ്ടെന്ന് പറഞ്ഞ ചീഫ് ജസ്റ്റിസ്, പ്രതിയെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് താക്കീതും നൽകി. ജൂലൈ 31ന് വിവരം അറിഞ്ഞിട്ടും എന്തുകൊണ്ടാണ് സർക്കാർ നടപടി എടുക്കാതിരുന്നതെന്നും കോടതി ചോദിച്ചു. കേസ് ഇനി പരിഗണിക്കുന്ന 27ന്, ഐസിസി രൂപീകരിച്ച് റിപ്പോർട്ട് നൽകാനും കോടതി ആവശ്യപ്പെട്ടു. എംഎൽഎയുടെ വീട്ടിൽ ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ എത്തിയിട്ടുണ്ട്. മറ്റ് നടപടികളിലേക്ക് നീങ്ങുമോ എന്ന് വ്യക്തമല്ല.




