ബോബി ചെമ്മണൂരിനെതിരായ കേസിൽ തുടർ നടപടികൾക്ക് സ്റ്റേ

യുവനടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണ്ണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസിൽ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. പ്രശ്നം ഒത്തുതീർപ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. സത്യവാങ്മൂലം പരിഗണിച്ചാണ് നടപടി.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ബോബി ചെമ്മണൂർ ഹൈക്കോടതിയെ സമീപിച്ചത്. ഇക്കാര്യത്തിൽ കോടതി നടിയുടെ നിലപാട് തേടിയിരുന്നു. അതിനിടെ ഈ വിഷയത്തിൽ ബോബി ചെമ്മണൂർ പരസ്യമായി ഖേദപ്രകടനം നടത്തുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കേസ് ഒത്തുതീർപ്പായെന്ന് നടി സത്യവാങ്മൂലം കോടതിയെ അറിയിച്ചത്. തുടർന്നാണ് ഹൈക്കോടതി നടപടി.
നടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ബോബി ചെമ്മണൂർ ഖേദ പ്രകടനം നടത്തിയത്. ബോബിയുടെ മാപ്പപേക്ഷ സ്വീകരിക്കുന്നുവെന്ന് നടി പിന്നാലെ അഭിപ്രായപ്പെട്ടരുന്നു. അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായത് ഒരു നല്ല തീരുമാനമാണ്. ഈ വിഷയവുമായി ബന്ധപ്പെട്ട് തന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നതായും ബോബി ചെമ്മണൂരിന്റെ ഭാഗത്തുനിന്നുണ്ടായ ഖേദപ്രകടനത്തെ അഭിനന്ദിക്കുന്നതായും നടി പറഞ്ഞിരുന്നു.
‘നടിയെ കുറിച്ചുള്ള എന്റെ പ്രസ്താവനകൾ അവർക്കും കുടുംബത്തിനും വലിയ മാനസിക പ്രയാസമുണ്ടാക്കിയിട്ടുണ്ടെന്ന് എനിക്ക് മനസ്സിലായി. ഞാൻ വരുത്തിയ ദ്രോഹത്തിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. എന്റെ വാക്കുകൾക്കും അവയുണ്ടാക്കിയ ആഘാതത്തിനും ഞാൻ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. വേദനിപ്പിക്കാൻ ഞാൻ ഉദ്ദേശിച്ചിരുന്നില്ല. ഈ ആത്മാർഥമായ ക്ഷമാപണം സ്വീകരിച്ച് അവർ കേസ് പിൻവലിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. അക്കാര്യം പരിഗണിക്കണമെന്ന് ഞാൻ അഭ്യർഥിക്കുന്നു. പോസിറ്റീവായി മുന്നോട്ടുപോകാൻ ഞാൻ പ്രതിജ്ഞാബദ്ധനാണ്’, ബോബി ചെമ്മണൂരിന്റെ വാക്കുകൾ.
ഒരു ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുത്തപ്പോൾ ബോബി ചെമ്മണൂർ ദ്വയാർഥ പ്രയോഗംകൊണ്ട് അപമാനിച്ചുവെന്ന് ആരോപിച്ച് നടി രംഗത്തെത്തിയിരുന്നു. പിന്നീട് ആ വ്യക്തിയുടെ സ്ഥാപനത്തിന്റെ ഒരു ചടങ്ങിലും പങ്കെടുക്കില്ലെന്ന് താൻ തീരുമാനിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. ഇതോടെ പ്രതികാരമെന്നോണം സോഷ്യൽ മീഡിയയിൽ തന്റെ പേര് മന:പൂർവം വലിച്ചിഴച്ച് സ്ത്രീത്വത്തെ അപമാനിക്കുന്ന കമന്റുകൾ പറയുകയാണ് ആ വ്യക്തി ചെയ്യുന്നതെന്നായിരുന്നു നടി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലൂടെ അറിയിച്ചത്. പേര് പരാമർശിക്കാതെയായിരുന്നു നടിയുടെ കുറിപ്പ്. പിന്നാലെ, നടി ബോബിക്കെതിരെ അവർ പൊലീസിൽ പരാതി നൽകി. തുടർന്ന് വയനാട്ടിൽവെച്ച് അറസ്റ്റിലായ അദ്ദേഹം പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു.



