ആലപ്പുഴയിൽ മുണ്ടിനീര് പടരുന്നു…. 21 ദിവസത്തേക്ക് സ്കൂളിന് അവധി….

ആലപ്പുഴ: ജില്ലയിൽ കുട്ടികൾക്കിടയിൽ മുണ്ടിനീര് വ്യാപിക്കുന്ന പശ്ചാത്തലത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. ആലപ്പുഴയിലെ തുമ്പോളി എസ്എൻവി എൽപി സ്കൂളിലെ കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചതോടെ വിദ്യാലയത്തിന് 21 ദിവസത്തേക്ക് അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു. രോഗം കൂടുതൽ പേരിലേക്ക് പടരാതിരിക്കാൻ ഇതിന്റെ ഇൻകുബേഷൻ കാലയളവായ 21 ദിവസം അവധി നൽകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ ഒന്നുമുതൽ മുൻകാലപ്രാബല്യത്തോടെയാണ് അവധി നൽകിയിരിക്കുന്നത്.
അവധി ദിവസങ്ങളിൽ കുട്ടികളുടെ പഠനം തടസ്സപ്പെടാതിരിക്കാൻ ക്ലാസുകൾ ഓൺലൈനായി നടത്തുന്നതിനാവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് കളക്ടർ നിർദേശം നൽകി. വിദ്യാലയങ്ങളിൽ രോഗം പടരാതിരിക്കാൻ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പുകൾ സംയുക്തമായി മുൻകരുതൽ നടപടികൾ സ്വീകരിക്കുമെന്നും ഉത്തരവിലുണ്ട്. ജില്ലയിൽ സ്കൂൾ കുട്ടികളിൽ മുണ്ടിനീര് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിദ്യ പി വി അറിയിച്ചു.
പാരമിക്സോ വൈറസ് (Paramyxovirus) മൂലമുണ്ടാകുന്ന ഈ രോഗം വായുവിലൂടെയാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇത് പ്രധാനമായും ബാധിക്കുന്നത്. ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുന്നതിന് തൊട്ടുമുമ്പും, വീക്കം തുടങ്ങി 4 മുതൽ 6 ദിവസം വരെയുമാണ് രോഗം മറ്റുള്ളവരിലേക്ക് പകരാൻ കൂടുതൽ സാധ്യത. ചെറിയ പനി, തലവേദന, പേശിവേദന, ക്ഷീണം, വിശപ്പില്ലായ്മ എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങൾ. ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിൽ (ഒരു വശത്തോ ഇരു വശങ്ങളിലോ) നീരും കടുത്ത വേദനയും ഉണ്ടാകും. വായ തുറക്കാനും ചവയ്ക്കാനും വെള്ളമിറക്കാനും പ്രയാസമുണ്ടാകും. എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. മുണ്ടിനീരിന്റെ ലക്ഷണങ്ങളെ സാധാരണ പല്ലുവേദനയോ തൊണ്ടവേദനയോ ആയി തെറ്റിദ്ധരിച്ച് ചികിത്സ വൈകിക്കരുത്. ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ഡോക്ടറെ കണ്ട് ചികിത്സ തേടണം.
ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും പുറത്തുവരുന്ന സ്രവങ്ങളിലൂടെയും രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയുമാണ് രോഗം പകരുന്നത്. സാധാരണ കുട്ടികളിലാണ് ഇത് കൂടുതൽ കണ്ടുവരുന്നതെങ്കിലും മുതിർന്നവരെയും ബാധിക്കാം. കൃത്യമായ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ഈ രോഗം തലച്ചോറ്, വൃഷണം, അണ്ഡാശയം, ആഗ്നേയ ഗ്രന്ഥി (Pancreas) എന്നിവയെ ബാധിക്കാൻ സാധ്യതയുണ്ട്. ഇത് ഭാവിയിൽ കേൾവി തകരാറിനും പ്രത്യുൽപാദന തകരാറുകൾക്കും കാരണമായേക്കാം. തലച്ചോറിനെ ബാധിച്ചാൽ ‘എൻസഫലൈറ്റിസ്’ (Encephalitis) എന്ന ഗുരുതരമായ അവസ്ഥയ്ക്ക് വരെ കാരണമാകുമെന്നും ഡിഎംഒ മുന്നറിയിപ്പ് നൽകി.



