കെ ആർ ഗൗരിയമ്മയുടെ 107-ാം ജന്മദിനത്തിലും തല്ല്… ബാനർ നശിപ്പിച്ചതിനെച്ചൊല്ലി….

ജന്മദിനാചരണത്തിനിടയിലും ജനാധിപത്യ സംരക്ഷണ സമിതിയിൽ (ജെഎസ്എസ്) കടുത്ത ചേരിപ്പോര്. ഗൗരിയമ്മയുടെ ജന്മദിനത്തോടനുബന്ധിച്ച് സ്ഥാപിച്ച ബാനർ നശിപ്പിച്ചതിനെച്ചൊല്ലിയാണ് ജെഎസ്എസിലെ ഇരുവിഭാഗങ്ങൾ തമ്മിൽ തുറന്ന തർക്കമുണ്ടായത്. ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിക്ക് മുന്നിലായി നിലവിൽ യുഡിഎഫിനൊപ്പമുള്ള രാജൻ ബാബു വിഭാഗം സ്ഥാപിച്ചിരുന്ന ബാനറാണ് എതിർവിഭാഗം നശിപ്പിച്ചത്. ജെഎസ്എസ് സംസ്ഥാന ജനറൽ സെക്രട്ടറി ബീനാ കുമാരി വിഭാഗത്തിലെ ആളുകളാണ് ബാനർ തകർത്തതിന് പിന്നിലെന്നാണ് ആക്ഷേപം. ബാനർ നശിപ്പിച്ചതിന് പിന്നാലെ ബീനാ കുമാരി വിഭാഗം ഗൗരിയമ്മയുടെ ചാത്തനാട്ടെ വസതിക്കുള്ളിൽ അനുസ്മരണ യോഗം സംഘടിപ്പിക്കുന്നുണ്ട്. എന്നാൽ ഗൗരിയമ്മയുടെ വസതിക്ക് പുറത്ത് വലിയ രീതിയിലുള്ള പ്രതിഷേധവും വിമർശനവുമാണ് ഉയരുന്നത്. ഗൗരിയമ്മയുടെ ജന്മദിനത്തിൽ അവരുടെ തന്നെ പോസ്റ്റർ വലിച്ചുകീറിയ ശേഷം, അതേ വീടിനുള്ളിൽ കയറി ജന്മദിനാചരണം ആഘോഷിക്കുന്നത് തികഞ്ഞ വിരോധാഭാസമാണെന്ന് വീടിന് പുറത്തുതടിച്ചുകൂടിയവരിൽ ചിലർ പറഞ്ഞു.



