‘ഓപ്പറേഷൻ തൂഫാനി’നിടെ പൊലീസിനെതിരെ ഗുണ്ടാവിളയാട്ടം… വനിതാ എസ്‌ഐ ഉൾപ്പെടെയുള്ളവരെ മർദ്ദിച്ച കേസിലെ മുഖ്യപ്രതി…….

പാലക്കാട്: സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പൊലീസ് നടത്തുന്ന കനത്ത ജാഗ്രതാ ദൗത്യമായ ‘ഓപ്പറേഷൻ തൂഫാനി’നിടെ പൊലീസ് സംഘത്തെ ക്രൂരമായി ആക്രമിച്ച കേസിലെ മുഖ്യപ്രതി സൈനികനെന്ന് കണ്ടെത്തൽ. മണ്ണാർക്കാട് സ്വദേശിയായ ജിനേഷ് ആണ് വനിതാ എസ്‌ഐ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പിടിയിലായത്. റാഞ്ചിയിൽ നിന്നും അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാൾ. സുഹൃത്തുക്കൾക്കൊപ്പം മലമ്പുഴ സന്ദർശിച്ച ശേഷം മടങ്ങിവരുന്നതിനിടെ പാലക്കാട് ധോണിയിൽ വെച്ചായിരുന്നു പൊലീസിന് നേരെ സംഘത്തിന്റെ ആക്രമണമുണ്ടായത്. ലഹരിക്കടത്ത് തടയുന്നതിന്റെ ഭാഗമായി പൊലീസ് പ്രദേശത്ത് വാഹന പരിശോധന നടത്തുകയായിരുന്നു.

ഇതേ തുടർന്ന് പ്രതികൾ സഞ്ചരിച്ച കാർ കൈകാണിച്ച് നിർത്തിയതാണ് അക്രമത്തിന് കാരണമായത്. പരിശോധനയ്ക്കായി വാഹനം തടഞ്ഞുനിർത്തിയ എസ്‌ഐ ജോൺ സേവ്യറിനെയാണ് പ്രതികൾ ആദ്യം ആക്രമിച്ചത്. കാറിന്റെ പിൻസീറ്റിലിരിക്കുകയായിരുന്ന സൈനികൻ ജിനേഷ് പുറത്തിറങ്ങി എസ്‌ഐയുടെ മുഖത്തടിക്കുകയും അദ്ദേഹത്തിന്റെ കണ്ണട തല്ലിപ്പൊട്ടിക്കുകയുമായിരുന്നു. അക്രമം തടയാൻ ശ്രമിച്ച വനിതാ എസ്‌ഐ ഉൾപ്പെടെയുള്ള മറ്റ് ഉദ്യോഗസ്ഥർക്ക് നേരെയും സംഘം തിരിഞ്ഞു. ഇതിനിടെ പ്രതികളിലൊരാൾ എസ്‌ഐ സേവ്യറിന്റെ കഴുത്തിൽ ചവിട്ടി ഞെരിച്ചതായും പൊലീസ് വ്യക്തമാക്കി.

അക്രമം നടക്കുന്ന സമയത്ത് പൊലീസ് സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഹോം ഗാർഡ് ഉടൻ തന്നെ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കൂടുതൽ പൊലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയാണ് സൈനികൻ ജിനേഷ് ഉൾപ്പെടെയുള്ള നാല് പ്രതികളെയും കൃത്യസ്ഥലത്തുനിന്നുതന്നെ അറസ്റ്റ് ചെയ്തത്. പൊലീസ് ഉദ്യോഗസ്ഥരെ മർദ്ദിക്കൽ, ഔദ്യോഗിക ജോലി തടസ്സപ്പെടുത്തൽ, പരസ്യമായി അസഭ്യം പറയൽ തുടങ്ങിയ കടുത്ത കുറ്റങ്ങൾ ചുമത്തിയാണ് പ്രതികൾക്കെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Related Articles

Back to top button