മാന്യതയില്ലാത്ത സാഹചര്യത്തിൽ എന്തിന് തുടരണം?…. സംഘടന കുത്തഴിഞ്ഞെന്ന് വിമർശനം…. ജോയ് മാത്യു

കൊച്ചി: താരസംഘടനയായ ‘അമ്മ’യിൽ വീണ്ടും വൻ പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് ഭരണസമിതിയിൽ നിന്ന് പ്രമുഖ ഭാരവാഹികൾ കൂട്ടത്തോടെ രാജിവെച്ചു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ജോയ് മാത്യു, കൈലാഷ്, വൈസ് പ്രസിഡന്റ് ജയൻ ചേർത്തല എന്നിവരാണ് ഭരണസമിതിയിൽ നിന്ന് രാജിവെച്ചത്. സംഘടനയിൽ നിലവിൽ മാന്യതയില്ലാത്ത സാഹചര്യമാണെന്നും പരസ്പരം പഴിചാരലും ലക്കും ലഗാനുമില്ലാത്ത അവസ്ഥയുമാണ് നിലനിൽക്കുന്നതെന്നും ഇവർ കുറ്റപ്പെടുത്തി. ജനറൽ ബോഡിക്ക് മുൻപ് തന്നെ രാജി കത്ത് നൽകിയിരുന്നെങ്കിലും അത് സ്വീകരിച്ചിരുന്നില്ലെന്നും ഇവർ വ്യക്തമാക്കുന്നു.
അതേസമയം, ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് മാത്രമാണ് താൻ രാജിവെക്കുന്നതെന്നും സംഘടനയിലെ അംഗമായി തുടരുമെന്നും ജോയ് മാത്യു അറിയിച്ചു. സംഘടന പൊതുജനമധ്യത്തിൽ അപഹാസ്യമായതിന്റെ പ്രധാന കാരണം താനടക്കമുള്ള ഭരണസമിതിയുടെ പിടിപ്പുകേടാണെന്ന് ജോയ് മാത്യു രാജിക്കത്തിൽ കടുത്ത ഭാഷയിൽ വിമർശിച്ചു. സംഘടന ഇപ്പോൾ തികച്ചും കുത്തഴിഞ്ഞ ഒരു സംവിധാനമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ശ്വേതാ മേനോൻ ഇമോഷണൽ ആയി രാജി പ്രഖ്യാപിച്ചതിലെ പൊരുത്തക്കേടുകളും ജോയ് മാത്യു ചൂണ്ടിക്കാട്ടി. മീഡിയയ്ക്ക് മുന്നിൽ രാജി പ്രഖ്യാപിച്ച ശേഷം വീണ്ടും തുടരുമെന്ന് പറയുന്നതിൽ ലോജിക്കില്ല. നിലവിൽ അവർ രേഖാമൂലം രാജി നൽകിയിട്ടില്ലാത്തതിനാൽ ഇപ്പോഴും പ്രസിഡന്റ് സ്ഥാനത്ത് തുടരുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എന്തിനുവേണ്ടിയാണ് താൻ ഉൾപ്പെടെയുള്ളവർ സംഘടനയുടെ ഭാരവാഹിത്വത്തിൽ തുടരുന്നതെന്ന് വൈസ് പ്രസിഡന്റ് ജയൻ ചേർത്തല ചോദിച്ചു. നിലവിലെ ഭരണസമിതി കൃത്യമായി പ്രവർത്തിക്കുന്നുണ്ടോ അതോ രാജി നൽകിയോ എന്ന കാര്യത്തിൽ പോലും വ്യക്തതയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശ്വേതാ മേനോൻ പ്രസിഡന്റും കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയുമായ കമ്മിറ്റിയിൽ വൈസ് പ്രസിഡന്റായിരുന്നു ജയൻ ചേർത്തല. മറ്റൊരു വൈസ് പ്രസിഡന്റായ ലക്ഷ്മിപ്രിയ നേരത്തെ തന്നെ രാജി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ജയൻ ചേർത്തലയും ജോയ് മാത്യുവും കൈലാഷും ഭരണസമിതി വിട്ടിരിക്കുന്നത്.




