ഇടിച്ചിട്ട് നിർത്താതെ പോകുന്ന വാഹനങ്ങൾ കണ്ടെത്താൻ ഹൈക്കോടതി ഇടപെടൽ…

കൊച്ചി: വാഹനാപകടമുണ്ടാക്കി നിർത്താതെ പോകുന്ന വാഹനങ്ങളെയും അതിന് ഉത്തരവാദികളായവരെയും കണ്ടെത്താൻ സംസ്ഥാനത്തെ ഓരോ ജില്ലയിലും പ്രത്യേക പോലീസ് സ്ക്വാഡുകൾ രൂപവത്കരിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. അപകടത്തിന് ഇടയാക്കിയ വാഹനങ്ങൾ കണ്ടെത്താനാകാത്തതിനെ തുടർന്ന് ഇരകൾക്ക് ഇൻഷുറൻസ് സഹായം ഉൾപ്പെടെ നിഷേധിക്കപ്പെടുന്നത് കണക്കിലെടുത്താണ് ജസ്റ്റിസ് ജി. ഗിരീഷിന്റെ ഉത്തരവ്.
ഡി.ജി.പിയുടെയും ജില്ലാ പോലീസ് മേധാവിമാരുടെയും നേരിട്ടുള്ള മേൽനോട്ടത്തിലായിരിക്കണം ഈ സ്ക്വാഡുകൾ പ്രവർത്തിക്കേണ്ടത്. സൈബർ പോലീസിന്റെ സാങ്കേതിക സഹായം ഉറപ്പാക്കുന്നതിനൊപ്പം, സ്ക്വാഡുകളുടെ ഫോൺ നമ്പറുകൾ പൊതുജനങ്ങൾക്ക് ബന്ധപ്പെടാനായി ലഭ്യമാക്കണം. അപകടമുണ്ടായാൽ തൊട്ടടുത്ത ജില്ലകളിലെ പോലീസ് സേനകൾ പരസ്പരം ഏകോപിതമായി പ്രവർത്തിക്കണമെന്നും കോടതി നിർദേശിച്ചു. അപകടമുണ്ടാക്കിയ വാഹനങ്ങൾ കണ്ടെത്താൻ കഴിയാത്തതിനെ തുടർന്ന് സമർപ്പിക്കപ്പെട്ട മൂന്ന് വ്യത്യസ്ത ഹർജികളിലാണ് കോടതിയുടെ നിർണായക വിധി.
ഇടിച്ചിട്ട് നിർത്താതെ പോകുന്ന അപകടങ്ങളിൽ ഇരകളാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ആവശ്യമായ നിയമഭേദഗതി ആലോചിക്കണമെന്നും കോടതി നിരീക്ഷിച്ചു. ഓസ്ട്രേലിയ, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലെ മാതൃക പിന്തുടർന്ന് പ്രത്യേക ഫണ്ട് രൂപവത്കരിച്ച് നഷ്ടപരിഹാരം നൽകുന്നത് പരിഗണിക്കണം. നിലവിലുള്ള ‘ഹിറ്റ് ആൻഡ് റൺ മോട്ടോർ ആക്സിഡന്റ് സ്കീം 2021’ പ്രകാരം നൽകുന്ന നഷ്ടപരിഹാര തുക അപര്യാപ്തമാണെന്ന് വിലയിരുത്തിയ കോടതി, പിഴത്തുകയിൽ നിന്നോ ഇൻഷുറൻസ് പ്രീമിയത്തിൽ നിന്നോ ഇതിനായി പ്രത്യേക വിഹിതം കണ്ടെത്തണമെന്ന് നിർദേശിച്ചു. വിധിയുടെ പകർപ്പ് കേന്ദ്ര കാബിനറ്റ് സെക്രട്ടറി, സംസ്ഥാന ചീഫ് സെക്രട്ടറി, സംസ്ഥാന പോലീസ് മേധാവി എന്നിവർക്ക് അയച്ചു കൊടുക്കാനും ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്.



