മുൻ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിന് അവസാന മാസ ശമ്പളമില്ല….

തിരുവനന്തപുരം: മുൻ സർക്കാരിലെ മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് മെയ് മാസത്തെ ശമ്പളം നൽകിയില്ലെന്ന് പരാതി. സർക്കാർ സർവീസിന് പുറത്തുനിന്ന് പേഴ്സണൽ സ്റ്റാഫായി നിയമിതരായവർക്കാണ് അവസാന മാസത്തെ ശമ്പളം ലഭിക്കാത്തത്. പ്രൈവറ്റ് സെക്രട്ടറി മുതൽ അഡീഷണൽ പേഴ്സണൽ അസിസ്റ്റന്റ് വരെയുള്ള ജീവനക്കാരുടെ ശമ്പളമാണ് നിലവിൽ തടഞ്ഞുവെച്ചിരിക്കുന്നത്.

‘നോ ലയബിലിറ്റി സർട്ടിഫിക്കറ്റ്’ (No Liability Certificate) ഹാജരാക്കാതെ ശമ്പളം വിതരണം ചെയ്യേണ്ടതില്ലെന്ന പൊതുഭരണ വകുപ്പിന്റെ കുറിപ്പാണ് ശമ്പള വിതരണത്തിന് തടസ്സമായി നിൽക്കുന്നത്. എന്നാൽ, ശമ്പളം എത്രയും വേഗം വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. അതേസമയം, സർക്കാർ സർവീസിൽ നിന്ന് ഡെപ്യൂട്ടേഷൻ വഴി പേഴ്സണൽ സ്റ്റാഫിലേക്ക് എത്തിയവർക്ക് ജൂൺ രണ്ടിന് തന്നെ മെയ് മാസത്തെ ശമ്പളം നൽകിയിരുന്നു. രാഷ്ട്രീയ നിയമനം വഴി പുറത്തുനിന്നെത്തിയവർക്ക് മാത്രമാണ് ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്.

സാധാരണ പ്രതിമാസ ശമ്പളത്തിന് നോ ലയബിലിറ്റി സർട്ടിഫിക്കറ്റ് ബാധകമാക്കാറില്ലെന്നും, സർവീസിൽ നിന്ന് പിരിയുമ്പോഴുള്ള വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുന്നതിനാണ് ഈ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതെന്നുമാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. അതാകട്ടെ, സെക്രട്ടേറിയറ്റിലെ അക്കൗണ്ട് സെക്ഷൻ നൽകി നടപടികൾ പൂർത്തിയാക്കേണ്ട കാര്യവുമാണ്. ഈ സാഹചര്യത്തിൽ, തടഞ്ഞുവെക്കലിന് പിന്നിൽ വ്യക്തമായ രാഷ്ട്രീയ പകപോക്കലാണെന്ന വിമർശനമാണ് ഉയരുന്നത്.

Related Articles

Back to top button