മെസി വരുമെന്ന പേരിലെ തട്ടിപ്പ്… എസ്ഐടിയുടെ ആദ്യ യോഗം…

തിരുവനന്തപുരം: മെസി വരുമെന്ന പേരിൽ നടന്ന തട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ ആദ്യ യോഗം ചേർന്നു. ഓൺലൈനായി ചേർന്ന യോഗത്തിൽ അന്വേഷണ വിഷയങ്ങൾ സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച. മുൻ കായിക മന്ത്രി വി. അബ്ദുറഹ്മാന്റെ വഴിവിട്ട ഇടപെടലുകളും സ്പോൺസർക്ക് നിയമവിരുദ്ധമായി ആനുകൂല്യങ്ങൾ ലഭിച്ചതും ഉൾപ്പെടെ എസ്ഐടി അന്വേഷിക്കും. അഴിമതിക്കും വിശ്വാസവഞ്ചനയ്ക്കും കേസെടുക്കാവുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടെന്നാണ് ആഭ്യന്തര വകുപ്പിന് ലഭിച്ച നിയമോപദേശം.

എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം വൈകിട്ട് നാലരയോടെയാണ് ആദ്യ യോഗം ചേർന്നത്. സംഘത്തലവൻ എഡിജിപി പി. വിജയൻ, ഐജി സതീഷ് ബിനോ, എസ്.പി വിക്രം, ഡിവൈഎസ്പിമാരായ ഷൈജു, മാത്യു എന്നിവർ യോഗത്തിൽ പങ്കെടുത്തു. അന്വേഷണം വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഉടൻ തന്നെ കൂടുതൽ ഉദ്യോഗസ്ഥരെ സംഘത്തിൽ ഉൾപ്പെടുത്തും. വിജിലൻസ് ഉദ്യോഗസ്ഥരെ ഉൾപ്പെടെ ചേർത്ത് സംഘത്തെ വികസിപ്പിക്കാനുള്ള അധികാരം എഡിജിപി പി. വിജയന് നൽകിയിട്ടുണ്ട്. പൂർണ സംഘത്തെ രൂപീകരിച്ച ശേഷം ഓരോ ഉദ്യോഗസ്ഥർക്കുമുള്ള ചുമതലകൾ വീതിച്ച് നൽകും. സർക്കാർ രേഖകൾ ലഭ്യമാക്കുന്നതിനായി ചീഫ് സെക്രട്ടറിക്ക് കത്ത് നൽകും. കായിക വകുപ്പ് നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടും എസ്ഐടി പരിശോധിക്കും. ഒൻപത് കാര്യങ്ങളിൽ ഊന്നിയുള്ള അന്വേഷണത്തിനാണ് നിർദേശം നൽകിയിരിക്കുന്നത്. പ്രാഥമിക അന്വേഷണം പൂർത്തിയാക്കിയ ശേഷമായിരിക്കും ഏതൊക്കെ കുറ്റങ്ങളിൽ കേസെടുക്കണമെന്ന കാര്യത്തിൽ എസ്ഐടി തീരുമാനമെടുക്കുക. കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും സർക്കാർ തലത്തിലുള്ള നടപടികളും ഉൾപ്പെടെ വിശദമായി പരിശോധിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Related Articles

Back to top button