ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് പിന്നാലെ തലസ്ഥാനത്ത്….

തിരുവനന്തപുരം: ശ്രീകൃഷ്ണ ജയന്തി ശോഭായാത്ര കടന്നുപോയതിന് പിന്നാലെ തലസ്ഥാന നഗരിയിൽ അടിഞ്ഞുകൂടിയ മാലിന്യങ്ങൾ ഉടനടി നീക്കം ചെയ്ത് തിരുവനന്തപുരം നഗരസഭയുടെ ശുചീകരണ വിഭാഗം. ആഘോഷങ്ങൾ അവസാനിച്ചയുടൻ പ്രധാന വീഥികളിൽ നിന്നും റോഡുകളിൽ നിന്നുമാണ് മാലിന്യങ്ങൾ നീക്കം ചെയ്തത്. പാളയം മുതൽ കിഴക്കേകോട്ട വരെയുള്ള പ്രധാന ശോഭായാത്രാ വഴികളിലും അനുബന്ധ റോഡുകളിലും അവശേഷിച്ച പ്ലാസ്റ്റിക് അവശിഷ്ടങ്ങൾ, വെള്ളക്കുപ്പികൾ, കടലാസുകൾ, പ്ലേറ്റുകൾ തുടങ്ങിയവ പ്രത്യേക ശുചീകരണ സ്ക്വാഡുകൾ വാഹനങ്ങളിലെത്തി ശേഖരിച്ചു.
വൈകിട്ട് ഏഴ് മണിയോടെ കിഴക്കേകോട്ടയിൽ ശോഭായാത്ര അവസാനിക്കുമ്പോഴേക്കും സ്റ്റാച്ച്യു–ആയുർവേദ കോളജ് ഭാഗങ്ങൾ ഉൾപ്പെടെയുള്ള റോഡുകളും പരിസരവും വൃത്തിയാക്കിയിരുന്നു. ഒരു മണിക്കൂറോളം നീണ്ട ശോഭായാത്രയ്ക്ക് പിന്നാലെ എം.ജി റോഡിൽ ബിസ്കറ്റ് കവറുകൾ, പ്ലാസ്റ്റിക് കുപ്പികൾ, അലങ്കാര വസ്തുക്കൾ, ഐസ്ക്രീം കവറുകൾ, ഭക്ഷണം പൊതിഞ്ഞെത്തിച്ച വാഴയില എന്നിവ ഉൾപ്പെടെയുള്ള മാലിന്യങ്ങളാണ് അവശേഷിച്ചിരുന്നത്. ശേഖരിച്ച അജൈവ മാലിന്യങ്ങളും പ്ലാസ്റ്റിക് കുപ്പികളും പ്രത്യേകം തരംതിരിച്ച് പുനരുപയോഗ കേന്ദ്രങ്ങളിലേക്ക് മാറ്റും. ശോഭായാത്ര അവസാനിച്ചതിന് തൊട്ടുപിന്നാലെ തന്നെ ഗതാഗത തടസമുണ്ടാകാത്ത വിധത്തിൽ റോഡുകൾ പൂർവസ്ഥിതിയിലാക്കാനും ശുചീകരണ വിഭാഗത്തിന് സാധിച്ചു. ജനലക്ഷങ്ങൾ പങ്കെടുത്ത വലിയ ആഘോഷത്തിന് പിന്നാലെ ചുരുങ്ങിയ സമയത്തിനുള്ളിൽ നഗരത്തിലെ ശുചിത്വം ഉറപ്പാക്കിയ നഗരസഭാ ജീവനക്കാരുടെ പ്രവർത്തനത്തിന് നഗരവാസികളിൽനിന്ന് വലിയ പ്രശംസയാണ് ലഭിക്കുന്നത്.



