സംസ്ഥാനത്ത് കനത്ത മഴ…. വടക്കൻ ജില്ലകളിൽ പരക്കെ മണ്ണിടിച്ചിലും നാശനഷ്ടവും, മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു

സംസ്ഥാനത്ത് മഴ കനക്കുന്നു. വടക്കൻ കേരളത്തിലാണ് മഴക്കെടുതികൾ ഏറ്റവും രൂക്ഷമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാസർഗോഡും കോഴിക്കോടും വിവിധയിടങ്ങളിൽ മണ്ണിടിഞ്ഞ് വൻ അപകടങ്ങളാണ് ഉണ്ടായത്. കാസർഗോഡ് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ യാത്രാവാഹനങ്ങൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു. റോഡിലൂടെ പോവുകയായിരുന്ന കാർ യാത്രക്കാർക്കും ഒരു ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ പരിക്കേറ്റത്. വൻ ദുരന്തമാണ് ഇവിടെ തലനാരിഴയ്ക്ക് ഒഴിവായത്.
കോഴിക്കോട് വടകര ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിലുണ്ടായി. പുതുപ്പണം അരവിന്ദ് ലോഷ് റോഡിന് സമീപമാണ് മണ്ണ് ഇടിഞ്ഞു വീണത്. ഇതേത്തുടർന്ന് സമീപത്തെ വീട് ഇപ്പോൾ കടുത്ത അപകടഭീഷണിയിലാണ്. അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വീണ്ടും മത്സ്യബന്ധന വള്ളം അപകടത്തിൽപ്പെട്ടു. പൂന്തുറ സ്വദേശി ലിജോന്റെ ഉടമസ്ഥതയിലുള്ള ‘ജപമാല രാജ്ഞി’ എന്ന വള്ളമാണ് ശക്തമായ തിരമാലയിൽപ്പെട്ട് മറിഞ്ഞത്. കടലിൽ വീണ തൊഴിലാളികളെ ഫിഷറീസ് വാടക വള്ളത്തിലെ ലൈഫ് ഗാർഡുമാർ കൃത്യസമയത്ത് ഇടപെട്ട് രക്ഷപ്പെടുത്തി.
കനത്ത മഴയിൽ കാസർഗോഡ് കീഴുർ കടപ്പുറത്തെ ശാരികയുടെ വീട് പൂർണ്ണമായും തകർന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. കണ്ണൂരിൽ കനത്ത മഴയിലും കാറ്റിലും മയ്യിൽ പോലീസ് സ്റ്റേഷന്റെ മേൽക്കൂര തകർന്നു വീണു. ഓടുകൾ ഇളകി താഴേക്ക് പതിക്കുകയായിരുന്നു. അപകടസമയത്ത് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് വില്ലേജ് ഓഫീസ് കെട്ടിടത്തിന് സമീപത്തെ വലിയ മരം മുറിഞ്ഞു വീണും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.



