‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പോലീസ് മാത്രം പോര… ഗുണ്ടകളുടെ യോഗത്തിൽ കെ. സുധാകരൻ പങ്കെടുത്തതിൽ വിശദീകരണവുമായി സംഘാടകർ

കൊച്ചി: കൊച്ചിയിൽ ക്രിമിനൽ കേസ് പ്രതികൾ പങ്കെടുത്ത യോഗത്തിൽ കെ. സുധാകരൻ എംപി പങ്കെടുത്ത സംഭവം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി സംഘാടകർ രംഗത്ത്. കെ. സുധാകരനെ തങ്ങൾ അങ്ങോട്ട് പോയി കാണുകയായിരുന്നുവെന്നും കൊച്ചിയിലുണ്ടെന്ന് അറിഞ്ഞ് 20 പേർ മാത്രമാണ് കാണാൻ അനുവാദം ചോദിച്ചതെന്നുമാണ് സംഘാടകർ നൽകുന്ന വിശദീകരണം.

എന്നാൽ, യോഗസ്ഥലത്തേക്ക് നൂറോളം പേർ എത്തിയതായും സംഘാടകർ സമ്മതിക്കുന്നു. ലഹരി വിരുദ്ധ ക്യാമ്പയിനായ ‘ഓപ്പറേഷൻ തൂഫാൻ’ വിജയിപ്പിക്കാൻ പോലീസ് മാത്രം പോരെന്നാണ് യോഗത്തിന്റെ മുഖ്യ സംഘാടകനായ സുഹൈൽ ഷാജഹാൻ വ്യക്തമാക്കുന്നത്. കാര്യങ്ങൾ കൃത്യമായി കൈകാര്യം ചെയ്യാൻ കഴിവുള്ളവർ ക്യാമ്പയിന് വേണം. മുൻപ് ഗുണ്ടകളായിരുന്നു എന്ന് കരുതി ആരെയും മാറ്റി നിർത്തരുത്. ഇപ്പോൾ മാറ്റി നിർത്തിയാൽ ലഹരിക്കെതിരെ പോരാടാൻ അവർക്കിനി അവസരം ലഭിക്കില്ല,- സുഹൈൽ ഷാജഹാൻ പറഞ്ഞു.

കള്ളത്തോക്ക് കേസിലെ പ്രതികൾ അടക്കമുള്ള പ്രമുഖ ക്രിമിനൽ പശ്ചാത്തലമുള്ളവരാണ് കഴിഞ്ഞ ദിവസം കൊച്ചിയിൽ യോഗം ചേർന്നത്. ഇതിലാണ് കെ. സുധാകരൻ എംപി പങ്കെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചത്. വിവാദ വിശദീകരണവുമായി രംഗത്തെത്തിയ യോഗത്തിന്റെ പ്രധാന സംഘാടകനായ സുഹൈൽ ഷാജഹാൻ മുൻപ് എകെജി സെന്റർ ആക്രമണ കേസ്, വിസ തട്ടിപ്പ് കേസ് എന്നിവയിലടക്കം പ്രതിയായ വ്യക്തിയാണ്. പഴയ ക്രിമിനൽ പശ്ചാത്തലമുള്ളവരെ ലഹരിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമാക്കാനാണ് യോഗം ചേർന്നതെന്നാണ് സംഘാടകരുടെ വാദമെങ്കിലും, കെ. സുധാകരൻ എംപിയുടെ പങ്കാളിത്തം വരും ദിവസങ്ങളിലും വലിയ ചർച്ചകൾക്ക് കാരണമായേക്കും.

Related Articles

Back to top button