വിഴിഞ്ഞം പോർട്ടിന്റെ 49% ഓഹരികൾ എംഎസ്സിക്ക് കൈമാറാൻ അദാനി… സർക്കാരിന്റെ അനുമതിയില്ലാതെ കഴിയില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വലിയൊരു പങ്ക് ഓഹരികൾ അദാനി ഗ്രൂപ്പ് ആഗോള ഷിപ്പിങ് ഭീമന്മാരായ എംഎസ്സി ഗ്രൂപ്പിന് കൈമാറുന്നുവെന്ന വാർത്തകളിൽ പ്രതികരണവുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. നിയമസഭയിൽ സേവ്യർ ചിറ്റിലപ്പിള്ളി ഉന്നയിച്ച ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം പോർട്ടിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട വാർത്തകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും എന്നാൽ ഇതിനായി അദാനി ഗ്രൂപ്പ് ഇതുവരെ സർക്കാരിന്റെ അനുമതി തേടിയിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമ്മാണവുമായി ബന്ധപ്പെട്ട സ്ഥലമേറ്റെടുപ്പ് മന്ദഗതിയിലാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. തുറമുഖത്തിന്റെ അനുബന്ധ വ്യവസായങ്ങൾക്കായി സ്ഥലം ഏറ്റെടുത്തു നൽകേണ്ടതുണ്ട്. എന്നാൽ ഇതിനായി കേരളത്തേക്കാൾ വലിയ തയ്യാറെടുപ്പുകൾ അയൽസംസ്ഥാനമായ തമിഴ്നാടാണ് നടത്തുന്നത്. വിഴിഞ്ഞത്തിന്റെ പ്രധാന ഗുണഭോക്താവാകാൻ തമിഴ്നാട് ശക്തമായി ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം സംസ്ഥാനത്തിന്റെ ഭാഗത്തുനിന്നുള്ള പ്രവർത്തനങ്ങൾ മന്ദഗതിയിലായിരുന്നു. ഈ രീതിയിലാണ് മുന്നോട്ട് പോകുന്നതെങ്കിൽ വിഴിഞ്ഞം വെറുമൊരു ഗേറ്റ്വേ മാത്രമായി അവശേഷിക്കും. എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം സ്ഥലമേറ്റെടുപ്പ് ഉൾപ്പെടെയുള്ള നടപടികൾ വേഗത്തിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
അദാനി ഗ്രൂപ്പിന്റെ ഉപസ്ഥാപനമായ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിന്റെ (AVPPL) 49 ശതമാനം ഓഹരികൾ എംഎസ്സിക്ക് കൈമാറുന്നുവെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്ന റിപ്പോർട്ടുകൾ. എംഎസ്സി ഗ്രൂപ്പിന്റെ ടെർമിനൽ വിഭാഗമായ ടെർമിനൽ ഇൻവെസ്റ്റ്മെന്റ് ലിമിറ്റഡിന്റെ (TiL) ഉപസ്ഥാപനമായ മുൻഡി ലിമിറ്റഡ് ആണ് ഈ ഓഹരികൾ സ്വന്തമാക്കുന്നത്. ഏകദേശം 13,270 കോടി രൂപയ്ക്കാണ് ഓഹരി കൈമാറ്റമെന്നും സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ അദാനി ഗ്രൂപ്പ് ഇക്കാര്യം വ്യക്തമാക്കിയതായും വാർത്തകൾ വന്നിരുന്നു. ഇതേക്കുറിച്ചായിരുന്നു നിയമസഭയിൽ ചോദ്യമുയർന്നത്.



