പേനാക്കത്തി കൊണ്ട് കുത്തി, ഇന്റർലോക്ക് കട്ട കൊണ്ട് തലയ്ക്കടിച്ചു… മർദ്ദനക്കേസിൽ ഒളിവിലുള്ള പ്രതി ഖാദർ കരിപ്പൊടിയുടെ വീഡിയോ പുറത്ത്

കൊച്ചി: കാസർകോട് പള്ളിക്കര സ്വദേശിയെ ക്രൂരമായി മർദ്ദിച്ച് വധിക്കാൻ ശ്രമിച്ച കേസിൽ പോലീസ് തിരയുന്ന പ്രധാന പ്രതി ഖാദർ കരിപ്പൊടി ഒളിവിലിരുന്ന് സമൂഹമാധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചു. മാധ്യമങ്ങൾക്കും പരാതിക്കാരനായ അബ്ദുൽ അഹദിനുമെതിരെ ഗുരുതര ആരോപണങ്ങളാണ് വീഡിയോയിൽ ഖാദർ ഉന്നയിക്കുന്നത്. താൻ ഉൾപ്പെടെ പങ്കാളിത്തമുള്ള കമ്പനിയിൽ നിന്നും പരാതിക്കാരൻ ഒരു വർഷം മുൻപ് സാധനങ്ങൾ വാങ്ങിയിട്ട് പണം നൽകിയില്ലെന്നാണ് ഖാദർ വീഡിയോയിൽ പറയുന്നത്. വാട്‌സ്ആപ്പിലൂടെ പണം ആവശ്യപ്പെട്ടതിന്റെ സ്ക്രീൻഷോട്ടുകളും ഇയാൾ വീഡിയോയ്ക്കൊപ്പം പുറത്തുവിട്ടിട്ടുണ്ട്.

സാമ്പത്തിക തർക്കത്തെ തുടർന്ന് പള്ളിക്കര സ്വദേശിയായ അബ്ദുൽ അഹദിനെ ഖാദർ കരിപ്പൊടിയും സംഘവും വിളിച്ചുവരുത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഖാദറും സംഘവും ചേർന്ന് അഹദിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇതേത്തുടർന്ന് കാസർകോട് ടൗൺ പോലീസാണ് വധശ്രമത്തിന് കേസെടുത്തത്. ഖാദർ കരിപ്പൊടിയെ കൂടാതെ റാഷിദ്, അഷ്റഫ് എന്നിവരാണ് കേസിലെ മറ്റു രണ്ട് പ്രതികൾ. ഇന്റർലോക്ക് കട്ടകൾ ഉപയോഗിച്ച് തലയ്ക്കടിച്ചെന്നും, പേനാക്കത്തി ഉപയോഗിച്ച് കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നും, ഇരുമ്പുവടി കൊണ്ട് മർദ്ദിച്ചെന്നുമാണ് അബ്ദുൽ അഹദിന്റെ പരാതിയിൽ പറയുന്നത്. മർദ്ദനത്തിൽ സാരമായി പരിക്കേറ്റ അഹദ് നിലവിൽ കാസർകോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതികൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിരിക്കെയാണ് ഒളിവിലിരുന്ന് പ്രതി വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.

Related Articles

Back to top button