ഉമ്മൻചാണ്ടിക്ക് വേണ്ടി പോരാടിയ ആളാണ്, മറക്കാനാകില്ല… ചാണ്ടി ഉമ്മൻ

കോട്ടയം: ഉമ്മൻചാണ്ടിക്കുവേണ്ടി പരസ്യമായി രംഗത്തെത്തിയ രാജ്മോഹൻ ഉണ്ണിത്താനെയും ഷാഫി പറമ്പിലിനെയും തള്ളിപ്പറയാതെ ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻചാണ്ടിക്ക് വേണ്ടി രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ ഇടപെടലുകൾ മറക്കാനാകില്ലെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു. കുടുംബത്തിനുവേണ്ടി പരസ്യമായി രംഗത്തെത്തിയ ആളാണ് ഉണ്ണിത്താനെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമ്മൻചാണ്ടിക്ക് വേണ്ടി പോരാടിയ രക്തസാക്ഷിയാണ് രാജ്മോഹൻ ഉണ്ണിത്താനെന്നും ചാണ്ടി ഉമ്മൻ വിശേഷിപ്പിച്ചു. സിദ്ദിഖും രാജ്മോഹൻ ഉണ്ണിത്താനും പരസ്യമായി രംഗത്തെത്തിയതിൽ സംശയമില്ല.
എന്നാൽ മറ്റ് പലരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, രാജ്മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണത്തെ ചാണ്ടി ഉമ്മൻ അപലപിച്ചു. ഇത്തരം ആക്രമണങ്ങൾ ശരിയല്ലെന്നും ഓരോരുത്തരും അവരവരുടെ പങ്ക് വഹിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താൻ വൈകാരികമായി പ്രതികരിച്ചതിന്റെ സാഹചര്യം തനിക്കറിയില്ലെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി. പാർട്ടിക്കുള്ളിൽ പ്രശ്നങ്ങളും തർക്കങ്ങളുമുണ്ടെന്നും അതിനിടയിൽ ഇത്തരം വിഷയങ്ങൾ വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. രാജ്മോഹൻ ഉണ്ണിത്താനെതിരായ സൈബർ ആക്രമണം അന്വേഷിക്കാനുള്ള പൊലീസ് തന്റെ കൈയിലില്ലെന്നും അദ്ദേഹം പരിഹസിച്ചു. ഉണ്ണിത്താൻ ഇത്തരമൊരു പ്രതികരണം നടത്തിയത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ചാണ്ടി ഉമ്മൻ കൂട്ടിച്ചേർത്തു.
