കൊച്ചിയിലെയും തിരുവനന്തപുരത്തെയും വായു മലിനീകരണം… വിദഗ്ധ സമിതിയെ നിയോഗിക്കാൻ…

തിരുവനന്തപുരം: കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരം വിലയിരുത്തുന്നതിനും വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള നടപടികൾ നിർദേശിക്കുന്നതിനുമായി മൂന്നംഗ വിദഗ്ധ സമിതി രൂപീകരിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർദേശം നൽകി. ഇരു നഗരങ്ങളിലെയും വായു ഗുണനിലവാര സൂചിക (AQI) സംബന്ധിച്ച് വിവിധ ഏജൻസികൾ വ്യത്യസ്ത കണക്കുകൾ പുറത്തുവിടുന്നത് പൊതുജനങ്ങളിൽ ആശങ്ക സൃഷ്ടിച്ച സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കൊച്ചി, തിരുവനന്തപുരം നഗരങ്ങളിലെ വായു ഗുണനിലവാരത്തിലുണ്ടായ മാറ്റങ്ങൾ സമിതി വിശദമായി പരിശോധിക്കും.

കാലാവസ്ഥയും പ്രദേശങ്ങളും അനുസരിച്ചുള്ള വ്യതിയാനങ്ങൾ, വിവിധ ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്ന എ.ക്യു.ഐ കണക്കുകളിലെ വ്യത്യാസങ്ങളുടെ കാരണങ്ങൾ എന്നിവയും വിലയിരുത്തും. സംസ്ഥാനത്ത് വായു ഗുണനിലവാര വിവരങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള ആധികാരിക മാനദണ്ഡം നിശ്ചയിക്കാനും സമിതി ശുപാർശ നൽകും. നിലവിലുള്ള വായു ഗുണനിലവാര നിരീക്ഷണ സംവിധാനങ്ങളുടെ പര്യാപ്തതയും വിശ്വാസ്യതയും പരിശോധിക്കുന്നതും സമിതിയുടെ ചുമതലയാണ്. വാഹനങ്ങളിൽ നിന്നുള്ള പുക, നിർമാണ പ്രവർത്തനങ്ങൾ, റോഡുകളിലെ പൊടിപടലങ്ങൾ, മാലിന്യം കത്തിക്കൽ, വ്യവസായശാലകളിൽ നിന്നുള്ള മലിനീകരണം എന്നിവയ്ക്ക് പുറമെ തുറമുഖം, വിമാനത്താവളം എന്നിവിടങ്ങളിലെ പ്രവർത്തനങ്ങളും മലിനീകരണത്തിന്റെ പ്രധാന ഉറവിടങ്ങളായി പരിശോധിക്കും.

വായുമലിനീകരണം കുറയ്ക്കുന്നതിനായി ഹ്രസ്വകാല, ദീർഘകാല നടപടികളും സമിതി നിർദേശിക്കും. വായു ഗുണനിലവാര നിരീക്ഷണ ശൃംഖല ശക്തിപ്പെടുത്തുക, തത്സമയ എ.ക്യു.ഐ വിവരങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക, ആരോഗ്യ മുന്നറിയിപ്പുകൾ നൽകുക തുടങ്ങിയവ ഉൾപ്പെടുന്ന സുതാര്യമായ ആശയവിനിമയ സംവിധാനവും ശുപാർശ ചെയ്യും. രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വായുമലിനീകരണം നിയന്ത്രിക്കുന്നതിനുള്ള തുടർനടപടികൾ സ്വീകരിക്കാനാണ് ലക്ഷ്യം.

വിദഗ്ധ സമിതി അംഗങ്ങൾ..

  1. സുരേഷ് രാമസുബ്രഹ്മണ്യ അയ്യർ – സീനിയർ ഫെലോ ആൻഡ് ഏരിയ കൺവീനർ, സെന്റർ ഫോർ എയർ ക്വാളിറ്റി റിസർച്ച്, ദി എനർജി ആൻഡ് റിസോഴ്സസ് ഇൻസ്റ്റിറ്റ്യൂട്ട് (TERI), ന്യൂഡൽഹി.
  2. ഡോ. ജോർജ് കെ. വർഗീസ് – പ്രൊഫസർ, സിവിൽ എൻജിനീയറിങ് വിഭാഗം, എൻ.ഐ.ടി കാലിക്കറ്റ്.
  3. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ചെയർപേഴ്സൺ – കൺവീനർ.

Related Articles

Back to top button