വിദേശയാത്രക്കാർക്ക് ഇനി പേപ്പർ ബോർഡിങ് പാസ് നിർബന്ധമല്ല… ഇനി…

വിദേശത്തേക്ക് യാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് സെപ്റ്റംബർ ഒന്നുമുതൽ പേപ്പർ ബോർഡിങ് പാസ് നിർബന്ധമല്ല. ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ആണ് പുതിയ മാറ്റം അറിയിച്ചത്. ഇതോടൊപ്പം ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിങ് പാസിൽ സീൽ പതിക്കുന്ന രീതിയും അവസാനിപ്പിക്കും. യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. ഇതുസംബന്ധിച്ച നിർദേശങ്ങൾ രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവള ഓപ്പറേറ്റർമാർക്കും സിഐഎസ്എഫിനും കൈമാറിയിട്ടുണ്ട്.

പേപ്പർ ബോർഡിങ് പാസ് കൈയിൽ സൂക്ഷിക്കുന്നത് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കുന്നതിനിടെയുണ്ടാകുന്ന പിഴവുകൾ പ്രശ്‌നങ്ങൾക്ക് കാരണമാകുന്നതും കണക്കിലെടുത്താണ് മാറ്റം. ഡൽഹിയിലെ ഫോറിനേഴ്‌സ് റീജണൽ രജിസ്‌ട്രേഷൻ ഓഫീസർ (എഫ്.ആർ.ആർ.ഒ.) ദീപക് യാദവ് അയച്ച കത്തിലാണ് സെപ്റ്റംബർ ഒന്നുമുതൽ രാജ്യത്തെ എല്ലാ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലും പുതിയ സംവിധാനം നിലവിൽ വരുമെന്ന് വ്യക്തമാക്കിയത്. ഇനിമുതൽ ഇമിഗ്രേഷൻ ക്ലിയറൻസിനായി യാത്രക്കാർക്ക് ഇ-ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും. അതേസമയം, പേപ്പർ ബോർഡിങ് പാസ് ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് അത് തുടരാം. എന്നാൽ പേപ്പർ ബോർഡിങ് പാസിലും ഇനി ഇമിഗ്രേഷൻ സ്റ്റാമ്പ് പതിക്കില്ല. പുതിയ സംവിധാനം സെപ്റ്റംബർ ഒന്നുമുതൽ പ്രാബല്യത്തിൽ വരുന്നതിനാൽ ജീവനക്കാർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും നടപടികൾ ക്രമീകരിക്കാനും വിമാനത്താവള അധികൃതരോടും എയർലൈനുകളോടും ബ്യൂറോ ഓഫ് ഇമിഗ്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ വിദേശയാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലും സൗകര്യപ്രദമായും പൂർത്തിയാക്കാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

Related Articles

Back to top button