ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴി നൽകിയതിന്…

തിരുവനന്തപുരം: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴി നൽകിയ കരാറുകാരൻ വി.ഒ. സാജന് വധഭീഷണിയെന്ന് പരാതി. ആഭ്യന്തര മന്ത്രിക്ക് സാജൻ പരാതി നൽകി. വാട്സ്ആപ്പ് കോളിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചതെന്നാണ് പരാതി. ഭീഷണിയുടെ ശബ്ദരേഖയും പുറത്തുവന്നിട്ടുണ്ട്. സന്തോഷ് കുമാർ എന്ന് പരിചയപ്പെടുത്തിയ വ്യക്തിയാണ് വിളിച്ചതെന്ന് വി.ഒ. സാജൻ പറഞ്ഞു. അന്വേഷണത്തിൽ മൊഴി നൽകിയതിന്റെ പേരിൽ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു. കേസിൽ രണ്ടാമതായി മൊഴി നൽകിയ ഷാജഹാനും വധഭീഷണി ലഭിച്ചതായി പരാതിയുണ്ട്. ഷാജഹാൻ പത്തനംതിട്ട എസ്.പിക്ക് പരാതി നൽകി.

2007-ൽ ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണത്തിൽ മൊഴികൾ അട്ടിമറിച്ചെന്നാണ് കെഎസ്ടിപി പദ്ധതിയുടെ ഉപകരാറുകാരനായ വി.ഒ. സാജന്റെ ആരോപണം. ആദ്യ അന്വേഷണത്തിൽ ഗ്യാനേഷിന്റെ പങ്ക് സംബന്ധിച്ച് പതി ബെൽ ചീഫ് കൊമേഴ്സ്യൽ മാനേജർ മൊഴി നൽകിയിരുന്നു. എന്നാൽ നാല് മാസത്തിന് ശേഷം വീണ്ടും മൊഴി രേഖപ്പെടുത്തിയപ്പോൾ നിലപാട് മാറിയെന്നും സാജൻ പറയുന്നു. മലേഷ്യയിൽ ലീ സീ ബീനിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്തവരുടെയും ആത്മഹത്യാക്കുറിപ്പ് വായിച്ചവരുടെയും മൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയില്ലെന്നും സാജൻ ആരോപിച്ചു. അന്വേഷണത്തിൽ ഗുരുതരമായ പിഴവുകൾ സംഭവിച്ചതിന്റെ രേഖകൾ വിജിലൻസിന്റെ പക്കലുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെഎസ്ടിപി പദ്ധതിയിൽ എം.സി. റോഡ് നിർമാണം നടക്കുന്നതിനൊപ്പം അങ്കമാലി–ചെങ്ങന്നൂർ റോഡ് നിർമാണവും നടന്നിരുന്നു. എന്നാൽ ഈ പദ്ധതികളിൽ ബില്ലുകൾ തടഞ്ഞുവെക്കാത്തത് സംശയത്തിന് ഇടയാക്കുന്നുവെന്നാണ് സാജന്റെ വാദം.

ഗ്യാനേഷ് കുമാറിന് കൈക്കൂലി നൽകാത്തതിനാലാണ് തന്റെ ബില്ലുകൾ തടഞ്ഞുവെച്ചതെന്നും അദ്ദേഹം ആരോപിച്ചു. മൊഴി ശരിവെക്കുന്ന അനുബന്ധ രേഖകൾ അടുത്ത ഘട്ടത്തിൽ വിജിലൻസിന് കൈമാറുമെന്നും സാജൻ വ്യക്തമാക്കി. ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം നിലച്ചതുപോലെയുള്ള ഘട്ടത്തിലാണ് കെഎസ്ടിപി പദ്ധതിയുമായി ബന്ധപ്പെട്ട് സാജന്റെ പരാതി എത്തിയത്. ഗ്യാനേഷ് കുമാർ കൈക്കൂലി ആവശ്യപ്പെട്ട് ബില്ലുകൾ തടഞ്ഞുവെച്ചുവെന്ന് ലീ സീ ബീൻ മരിക്കുന്നതിന് മുൻപ് തന്നോട് പറഞ്ഞിരുന്നുവെന്നായിരുന്നു സാജന്റെ മൊഴി. സാജന്റെ പരാതിയിൽ നിയമോപദേശം ലഭിച്ചതിന് പിന്നാലെ വിജിലൻസ് അന്വേഷണം വീണ്ടും ഊർജിതമാക്കിയെന്നാണ് വിവരം.

Related Articles

Back to top button