പ്രധാനമന്ത്രിക്കെതിരെ രാഹുൽ ഗാന്ധി, മോദി സംവാദത്തിന് തയ്യാറാകണമെന്നും രാഹുൽ

പ്രധാനമന്ത്രി നരേന്ദ്ര മോദി തൻ്റെ ഫോൺ ചോർത്തുന്നുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ വിദേശബന്ധത്തിൻ്റേതടക്കം തെളിവ് ഫോണിലുണ്ട്. അക്കാര്യം അറിഞ്ഞാണ് മോദി സംവാദത്തിനെത്താത്തതെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സമൂഹമാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിലാണ് രാഹുൽ ഗാന്ധി ആരോപണം ഉന്നയിച്ചത്.
“തെളിവ് ഇവിടെയുണ്ട്; അത് ഈ ഫോണിലുണ്ട്. പ്രധാനമന്ത്രിക്ക് അതറിയാം, കാരണം അദ്ദേഹം എന്റെ ഫോൺ ചോർത്തുന്നുണ്ട്. അദ്ദേഹം നേരിട്ടൊരു സംവാദത്തിന് വരുന്ന നിമിഷം, ആരാണ് വിദേശ ശക്തികളുടെ നിയന്ത്രണത്തിലുള്ളതെന്നും ആരാണ് ദേശവിരുദ്ധനെന്നും എന്നുമുതലാണ് അദ്ദേഹം ദേശവിരുദ്ധനായതെന്നും എന്റെ ഫോണിലുള്ള മറ്റ് നിരവധി വിവരങ്ങളും എല്ലാവരും അറിയും”- രാഹുൽ ഗാന്ധി പറഞ്ഞു.
സ്വന്തം അനുകൂല മാധ്യമങ്ങളുടെ ദീപാവലി പരിപാടിയിൽ പോലും മോദിക്ക് ടെലിപ്രോംപ്റ്ററിന്റെ സഹായം വേണ്ടിവന്നുവെന്നും രാഹുൽ ഗാന്ധി പോസ്റ്റിൽ വിമർശിച്ചു. വേദിയും സാഹചര്യവും അനുകൂലമായിട്ടും സ്ക്രിപ്റ്റിന്റെ സഹായം തേടി. തന്നോടുള്ള സംവാദത്തിന് ടെലിപ്രോംപ്റ്ററും ഇഷ്ടമുള്ള ജഡ്ജിയെയും കൊണ്ടുവരാം. സംവാദത്തിന് മോദി തയ്യാറാവണം. യഥാർത്ഥ രാജ്യദ്രോഹി ആരാണെന്ന് അറിയാൻ രാജ്യം ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു.



