നഷ്ടപരിഹാര പട്ടികയിൽ 28 പേർ മാത്രം… മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതരായ വ്യാപാരികൾ…

വയനാട്: മുണ്ടക്കൈ–ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ ഉപജീവനമാർഗം നഷ്ടപ്പെട്ട വ്യാപാരികൾ പ്രതിഷേധത്തിലേക്ക്. നഷ്ടപരിഹാര പട്ടികയിൽ നിന്ന് വ്യാപാരികളിൽ വലിയൊരു വിഭാഗത്തെ ഒഴിവാക്കിയതിനെതിരെയാണ് പ്രതിഷേധത്തിന് ഒരുങ്ങുന്നത്. അർഹരായ മുഴുവൻ വ്യാപാരികളെയും പട്ടികയിൽ ഉൾപ്പെടുത്തി നഷ്ടപരിഹാരം നൽകണമെന്നാണ് ഇവരുടെ ആവശ്യം. ദുരന്തത്തിൽ വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരിൽ 28 പേരെ മാത്രമാണ് നിലവിൽ നഷ്ടപരിഹാര പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പഞ്ചായത്ത് ലൈസൻസ്, കെട്ടിട നമ്പർ, പെർമിറ്റ് തുടങ്ങിയ രേഖകളില്ലെന്ന കാരണത്താലാണ് മറ്റുള്ളവരെ ഒഴിവാക്കിയതെന്നാണ് ആരോപണം. ദുരന്തസമയത്ത് എല്ലാ വ്യാപാരികൾക്കും സഹായം നൽകുമെന്ന് അന്നത്തെ സർക്കാർ ഉറപ്പുനൽകിയിരുന്നുവെന്ന് വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ഉപജീവനമാർഗം പൂർണമായും നഷ്ടപ്പെട്ടിട്ടും രേഖകളുടെ പേരിൽ നഷ്ടപരിഹാരം നിഷേധിക്കുന്നത് അംഗീകരിക്കാനാകില്ലെന്നാണ് ഇവരുടെ നിലപാട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ആകെ 7,19,99,400 രൂപയാണ് സർക്കാർ നഷ്ടപരിഹാരമായി അനുവദിച്ചത്. ഇതിൽ കെട്ടിട ഉടമകളായ 48 പേർക്ക് 5.14 കോടി രൂപയും ലൈസൻസുള്ള 28 വാണിജ്യ സംരംഭകർക്കും വ്യാപാരികൾക്കുമായി 2.05 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
നഷ്ടപരിഹാരം വൈകുന്നതിനെതിരെ നേരത്തെയും വ്യാപാരികളും സമരസമിതികളും പ്രതിഷേധവും മുന്നറിയിപ്പുകളും നൽകിയിരുന്നു. ഇതിന് പിന്നാലെ ഒക്ടോബർ 30നാണ് സർക്കാർ തുക അനുവദിച്ച് ഉത്തരവിറക്കിയത്. എന്നാൽ നഷ്ടപരിഹാര പട്ടികയിൽ അർഹരായ മുഴുവൻ വ്യാപാരികളെയും ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സർക്കാർ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. ഒഴിവാക്കപ്പെട്ടവർക്കും നഷ്ടപരിഹാരം ഉറപ്പാക്കണമെന്ന ആവശ്യവുമായി ശക്തമായ സമരപരിപാടികളിലേക്ക് കടക്കാനാണ് വ്യാപാരികളുടെ നീക്കം.



