ആരോഗ്യനില മോശം, വീണ്ടും ആശുപത്രിയിൽ… ഐസിയുവിലും സമരത്തിൽ ഉറച്ച്….

തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ എൽ.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ നടത്തുന്ന സമരം കൂടുതൽ പ്രതിസന്ധിയിലേക്ക്. നിരാഹാര സമരം തുടരുന്നതിനിടെ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ട ഉദ്യോഗാർത്ഥി വളർമതിയെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വളർമതി ഐസിയുവിലും നിരാഹാരം തുടരുകയാണ്. സമരം ഇന്ന് 19-ാം ദിവസത്തിലേക്ക് കടന്നു. ഇന്നലെ രാത്രിയോടെയാണ് വളർമതിയെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റിയത്. പൊലീസ് ഇടപെട്ടല്ല ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്നായിരുന്നു ആശുപത്രിയിലേക്കുള്ള മാറ്റം.
അതിനിടെ, എൽ.പി.എസ്.ടി സമരവുമായി ബന്ധപ്പെട്ട് പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു. പൊലീസ് പൊളിച്ചുനീക്കിയ സമരപ്പന്തലുകൾ പുനഃസ്ഥാപിച്ചതിനാണ് ഡി.വൈ.എഫ്.ഐക്കും എൽ.പി.എസ്.ടി സമരസമിതിക്കുമെതിരെ കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രി പൊലീസ് സമരപ്പന്തൽ അഴിച്ചുമാറ്റിയെങ്കിലും മണിക്കൂറുകൾക്കകം ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തിൽ പന്തൽ വീണ്ടും കെട്ടുകയായിരുന്നു. പൊലീസിനെ തടഞ്ഞെന്നാരോപിച്ച് യുവമോർച്ച പ്രവർത്തകർക്കെതിരെയും മറ്റൊരു കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമരം ആരംഭിച്ച് 129-ാം ദിവസമാണ് കഴിഞ്ഞ രാത്രി പൊലീസ് എത്തി സമരസമിതിയുടെ പന്തൽ ബലമായി പൊളിച്ചുനീക്കിയത്. തുടർന്ന് നിരാഹാര സമരം നടത്തിയിരുന്ന വളർമതിയെ പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്യോഗാർത്ഥിയായ ജയകൃഷ്ണൻ നിരാഹാര സമരം ഏറ്റെടുത്തത്. സമരക്കാരെ ബലപ്രയോഗത്തിലൂടെ നീക്കാനാണ് പൊലീസ് ശ്രമിച്ചതെന്ന് ഉദ്യോഗാർത്ഥികൾ ആരോപിച്ചു. റാങ്ക് പട്ടികയിൽ നിന്ന് നിയമനം ഉൾപ്പെടെയുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കുന്നതുവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഉദ്യോഗാർത്ഥികൾ.



