നിയമസഭാ കയ്യാങ്കളി കേസ്: വീഡിയോ കോൺഫറൻസിങ് വേണ്ട… സാക്ഷി നേരിട്ടെത്തണം…

തിരുവനന്തപുരം: ഏറെ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ച നിയമസഭാ കയ്യാങ്കളി കേസിൽ ഒന്നാം സാക്ഷിയുടെ ഹർജി തള്ളി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി. വീഡിയോ കോൺഫറൻസിങ് വഴി മൊഴി നൽകാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഒന്നാം സാക്ഷിയായ ശാർങ്ഗധരൻ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. ഡിസംബർ ഒന്നിന് നേരിട്ട് ഹാജരായി മൊഴി നൽകണമെന്ന് കോടതി കർശന നിർദേശം നൽകി. ഒന്നാം സാക്ഷിയെ വിസ്തരിച്ചശേഷം മാത്രമേ മറ്റ് സാക്ഷികളുടെ ക്രോസ് വിസ്താരം നടത്താവൂ എന്നാവശ്യപ്പെട്ട് പ്രതിഭാഗം നൽകിയ ഹർജിയും കോടതി തള്ളി.
മുൻ മന്ത്രിമാരായ വി. ശിവൻകുട്ടി, ഇ.പി. ജയരാജൻ, കെ.ടി. ജലീൽ, കെ. അജിത്, കെ. കുഞ്ഞഹമ്മദ്, സി.കെ. സദാശിവൻ എന്നിവരാണ് കേസിലെ പ്രധാന പ്രതികൾ. 2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ.എം. മാണി നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കുന്നതിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ബജറ്റ് അവതരണം തടസ്സപ്പെടുത്തുന്നതിനിടെ പ്രതികൾ സഭയ്ക്കുള്ളിൽ അക്രമം അഴിച്ചുവിടുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്തെന്നാണ് കേസ്. സ്പീക്കറുടെ വേദിയിലേക്ക് അതിക്രമിച്ചുകയറി കസേരകൾ, കമ്പ്യൂട്ടറുകൾ, മൈക്കുകൾ, ഇലക്ട്രോണിക് പാനലുകൾ എന്നിവ തകർത്തതിലൂടെ 2,20,093 രൂപയുടെ പൊതുമുതൽ നശിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ ആരോപണം. പൊതുമുതൽ നശീകരണ നിയമപ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തത്.
കേസ് പിൻവലിക്കാനുള്ള എൽഡിഎഫ് സർക്കാരിന്റെ നീക്കത്തിന് കോടതികളിൽ തിരിച്ചടി നേരിട്ടിരുന്നു. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയും ഹൈക്കോടതിയും ഹർജി തള്ളിയതിനെ തുടർന്ന് 2021 ജൂലൈയിൽ സുപ്രീം കോടതിയെയും സമീപിച്ചു. എന്നാൽ സുപ്രീം കോടതിയും സർക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. കേസിൽ ക്രൈംബ്രാഞ്ച് തുടരന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും പുതിയ വിവരങ്ങളൊന്നും കണ്ടെത്താത്തതിനാൽ നേരത്തെ സമർപ്പിച്ച കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാകും വിചാരണ നടപടികൾ തുടരുക.



