ഭക്ഷ്യവകുപ്പിൽ 3000 കോടിയുടെ ബാധ്യത…. 2016-നേക്കാൾ വലിയ പ്രതിസന്തിയെന്ന് മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്ന് തുറന്നുസമ്മതിച്ച് ഭക്ഷ്യ, സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ്. ഭക്ഷ്യവകുപ്പിൽ മാത്രം നിലവിൽ മൂവായിരം കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്നും 2016-ൽ ഉണ്ടായിരുന്നതിനേക്കാൾ വലിയ പ്രതിസന്ധിയാണ് വകുപ്പ് ഇപ്പോൾ നേരിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. മുൻ സർക്കാരിന്റെ കാലത്തെ ചില തീരുമാനങ്ങളാണ് ഈ പ്രതിസന്ധി ഇത്രത്തോളം രൂക്ഷമാക്കിയതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2016-21 കാലഘട്ടത്തിൽ സബ്സിഡി ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കാതിരുന്നത് പിന്നീട് വലിയ പ്രതിസന്ധിക്ക് കാരണമായെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും ഓണച്ചന്തകൾ വിപുലമായ രീതിയിൽ തന്നെ നടപ്പാക്കുമെന്നും കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നീ മൂന്ന് പ്രധാന നഗരങ്ങളിലും ട്രേഡ് ഫെയറുകൾ ആരംഭിക്കുമെന്നും മന്ത്രി ഉറപ്പ് നൽകി. കിടപ്പുരോഗികൾ അടക്കമുള്ളവർക്ക് റേഷൻ സാധനങ്ങൾ വീട്ടിലെത്തിച്ചു നൽകുന്ന ‘വാതിൽപടി വിതരണം’ ആലോചനയിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കർഷകർ ചൂഷണം ചെയ്യപ്പെടാതിരിക്കാൻ കർശന നടപടി സ്വീകരിക്കും. ഇതിനായി ഇടനിലക്കാരായി നിൽക്കുന്ന പ്രൈമറി സംഘങ്ങളെ പൂർണ്ണമായി ഒഴിവാക്കി സപ്ലൈകോ നേരിട്ട് നെല്ല് സംഭരിച്ച് കർഷകർക്ക് പണം നൽകുന്ന രീതി നടപ്പിലാക്കുമെന്നും മില്ലുടമകളുടെ താൽക്കാലിക പരാതികൾ പരിഹരിച്ചതായും കൂടുതൽ ചർച്ചകൾ ഉടൻ നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഹോട്ടലുകളിൽ ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഈടാക്കുന്നതിൽ സർക്കാർ ഇടപെടും. എല്ലാ ഹോട്ടലുകളിലും വിൽപന വില കൃത്യമായി പ്രദർശിപ്പിക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കുകയാണ്. സപ്ലൈകോയിലെ രാഷ്ട്രീയ നിയമനങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന്, പല സ്ഥലങ്ങളിലും അത്തരം നിയമനങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് മന്ത്രി സമ്മതിച്ചു. ഇതിന് പരിഹാരമായി തൊഴിലാളികളുടെ പുനക്രമീകരണം അടക്കമുള്ള നടപടികൾ ആലോചനയിലുണ്ട്. നിലവിൽ സപ്ലൈകോയുടെ മെഡിക്കൽ സ്റ്റോറുകൾ വലിയ നഷ്ടത്തിലാണ് ഓടുന്നത്. അവയെ ലാഭകരമാക്കാനുള്ള കർശനമായ നടപടികൾ വരും ദിവസങ്ങളിൽ സ്വീകരിക്കുമെന്നും മന്ത്രി അനൂപ് ജേക്കബ് വ്യക്തമാക്കി.



