ഷിഗെല്ല ഭീതി: തിരുവനന്തപുരത്ത് 3 വിദ്യാർത്ഥികൾക്കും വയനാട്ടിൽ ഒരു കുട്ടിക്കും രോഗബാധ…. നിരീക്ഷണം ശക്തമാക്കി ആരോഗ്യവകുപ്പ്

കേരളത്തിൽ വിവിധ ജില്ലകളിൽ ഷിഗെല്ല രോഗബാധ സ്ഥിരീകരിക്കുന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു. വയനാടിനും കൊല്ലത്തിനും പിന്നാലെ ഇപ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തും ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരത്ത് മൂന്ന് വിദ്യാർത്ഥികൾക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗം ബാധിച്ച കുട്ടികൾ നിലവിൽ അപകടനില തരണം ചെയ്തതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
തിരുവനന്തപുരം ജില്ലയിലെ പുത്തൻതോപ്പ്, ചാക്ക, തോന്നയ്ക്കൽ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു. രോഗം പടരാതിരിക്കാനുള്ള മുൻകരുതൽ നടപടികൾ ഈ പ്രദേശങ്ങളിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. വയനാട് ജില്ലയിൽ ഒരു കുട്ടിക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചിട്ടുണ്ട്. കോളിയാടി മാർ ബസിലിയോസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് രോഗബാധ കണ്ടെത്തിയത്. നേരത്തെ കൊല്ലം ജില്ലയിലും രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. കൊല്ലത്ത് എട്ട് വയസ്സുകാരനായ ആൺകുട്ടിക്കും 12 വയസ്സുകാരിയായ പെൺകുട്ടിക്കുമാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ടുപേർ കൊല്ലം കോർപ്പറേഷൻ പരിധിയിൽ ഉള്ളവരാണ്. കൊല്ലം ജില്ലാ മെഡിക്കൽ ഓഫീസർ (ഡിഎംഒ) ഈ വിവരം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
രോഗബാധിതരായ കുട്ടികൾ നിലവിൽ കൊല്ലം, തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രികളിൽ പ്രത്യേകം സജ്ജമാക്കിയ വാർഡുകളിൽ ചികിത്സയിലാണ്. ഇവരുടെയെല്ലാം ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യവകുപ്പ് അറിയിച്ചു. കുട്ടികൾ പഠിക്കുന്ന സ്കൂളുകളിലും താമസിക്കുന്ന പ്രദേശങ്ങളിലും പ്രതിരോധ പ്രവർത്തനങ്ങളും കൃത്യമായ നിരീക്ഷണവും ആരോഗ്യ പ്രവർത്തകർ ശക്തമാക്കിയിട്ടുണ്ട്. മലിനമായ ജലത്തിലൂടെയും ഭക്ഷണത്തിലൂടെയും പകരുന്ന രോഗമായതിനാൽ പൊതുജനങ്ങൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കണമെന്നും ശുചിത്വം കർശനമായി പാലിക്കണമെന്നും ആരോഗ്യ അധികൃതർ മുന്നറിയിപ്പ് നൽകി.



