ആദ്യം സഹോദരന് മർദ്ദനം, പിന്നാലെ തിരിച്ചടി; കഴക്കൂട്ടം ഏറ്റുമുട്ടലിൽ രണ്ടുപേർ അറസ്റ്റിൽ

തിരുവനന്തപുരം: കഴക്കൂട്ടത്ത് മുൻവൈരാഗ്യത്തെത്തുടർന്ന് യുവാക്കൾ തമ്മിൽ നടത്തിയ ഏറ്റുമുട്ടലിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മേനംകുളം സ്വദേശികളായ രതീഷ് എന്ന പഞ്ചായത്ത് ഉണ്ണി (44), ബാലു (47) എന്നിവരാണ് പിടിയിലായത്. അടിക്ക് തിരിച്ചടി എന്ന നിലയിൽ നടന്ന ആക്രമണ പരമ്പരയ്ക്കൊടുവിലാണ് പോലീസ് നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവങ്ങളുടെ തുടക്കം. മേനംകുളം സ്വദേശിയായ ലാലുവിനെ രതീഷ് തടിക്കഷ്ണം ഉപയോഗിച്ച് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ ആക്രമണത്തിന് പിന്നാലെയാണ് പ്രതികാര നടപടികൾ ആരംഭിച്ചത്. തന്റെ സഹോദരനായ ലാലുവിനെ മർദ്ദിച്ചതിലുള്ള പക തീർക്കാൻ ബാലു പഞ്ചായത്ത് നടയിൽ വെച്ച് രതീഷിനെ തിരിച്ചും ആക്രമിക്കുകയായിരുന്നു.
മർദ്ദനമേറ്റ ലാലുവിന്റെ സഹോദരൻ ബാലുവും പ്രതിയായ രതീഷും പരസ്പരം പരാതി നൽകിയതോടെയാണ് രണ്ടുപേർക്കുമെതിരെ പോലീസ് കേസെടുത്തത്. അറസ്റ്റിലായ രതീഷ് നിസ്സാരക്കാരനല്ലെന്ന് പോലീസ് പറയുന്നു. തിരുവനന്തപുരം സിറ്റി, റൂറൽ സ്റ്റേഷനുകളിലായി വധശ്രമം ഉൾപ്പെടെ പതിനാലോളം കേസുകളിൽ പ്രതിയാണ് ഇയാൾ. ബാലു നൽകിയ പരാതിയിൽ രതീഷിനെതിരെ വധശ്രമത്തിന് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.



