യുപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു

സെക്രട്ടറിയേറ്റിന് മുന്നിൽ യുപിഎസ്ടി റാങ്ക് ഹോൾഡേഴ്‌സ് നടത്തിവന്നിരുന്ന അനിശ്ചിതകാല സമരം താൽക്കാലികമായി അവസാനിപ്പിച്ചു. വിദ്യാഭ്യാസ മന്ത്രിയുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് തീരുമാനം. സർക്കാരിന്റെ അഭ്യർഥന മാനിച്ചും ആവശ്യങ്ങൾ പഠിക്കാൻ 45 ദിവസത്തെ സാവകാശം നൽകിയ പശ്ചാത്തലത്തിലുമാണ് ഉദ്യോഗാർഥികൾ സമരം അവസാനിപ്പിച്ചത്. കഴിഞ്ഞ 17 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല സമരം നടത്തിവരികയായിരുന്നു യുപിഎസ്ടി ഉദ്യോഗാർഥികൾ. വിദ്യാർഥി-അധ്യാപക ആനുപാതം കുറയ്ക്കുക, ഹെഡ്മാസ്റ്റർമാർക്കുള്ള ക്ലാസ് ഡ്യൂട്ടി ഒഴിവാക്കി പകരം പിഎസ്സി വഴി പുതിയ അധ്യാപക തസ്തിക സൃഷ്ടിച്ച് നിയമനം നടത്തുക, പട്ടികജാതി-പട്ടികവർഗ വകുപ്പിന് കീഴിലുള്ള മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾ വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടലിലൂടെ പിഎസ്സിക്ക് വിടുക തുടങ്ങിയ മൂന്ന് പ്രധാന ആവശ്യങ്ങളാണ് ഉദ്യോഗാർഥികൾ മുന്നോട്ടുവെച്ചിരുന്നത്.
വിദ്യാഭ്യാസ മന്ത്രിയുമായി നടന്ന ചർച്ചയിൽ ആദ്യത്തെ രണ്ട് ആവശ്യങ്ങളും ആദ്യഘട്ടത്തിൽ പരിഗണിക്കാമെന്ന അനുകൂല ഉറപ്പ് ഉദ്യോഗാർഥികൾക്ക് ലഭിച്ചു. മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലെ നിയമനവുമായി ബന്ധപ്പെട്ട മൂന്നാമത്തെ വിഷയം പട്ടികജാതി-പട്ടികവർഗ വകുപ്പുമായി ബന്ധപ്പെട്ടതായതിനാൽ ഇക്കാര്യത്തിൽ പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിഇയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. നേരത്തെ എൽപിഎസ്ടി ഉദ്യോഗാർഥികളുടെ 37 ദിവസം നീണ്ട സമരവും വളർമതി ടീച്ചറുടെ 13 ദിവസത്തെ നിരാഹാര സമരവും മന്ത്രിയുടെ ചർച്ചയെ തുടർന്ന് 45 ദിവസത്തെ സാവകാശത്തിൽ അവസാനിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് യുപിഎസ്ടിയും സമരം പിൻവലിച്ചത്.-



