മാതാപിതാക്കൾ നോക്കിനിൽക്കെ കൊല… 7 പ്രതികൾക്ക്…

തിരുവനന്തപുരം: കണ്ണമൂല വിഷ്ണു വധക്കേസിൽ ഒന്നുമുതൽ ഏഴുവരെ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷ. നെടുമങ്ങാട് എസ്.സി/എസ്.ടി പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തത്തിന് പുറമെ വിവിധ വകുപ്പുകൾ പ്രകാരം പ്രതികൾ 20 വർഷം കഠിനതടവും അനുഭവിക്കണം. കേസിലെ ഓരോ പ്രതിയും 1.75 ലക്ഷം രൂപ വീതം പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു. പിഴത്തുകയിൽനിന്ന് കൊല്ലപ്പെട്ട വിഷ്ണുവിന്റെ അമ്മയ്ക്ക് അഞ്ച് ലക്ഷം രൂപ നൽകും. വിഷ്ണുവിന്റെ അച്ഛനും അച്ഛന്റെ സഹോദരിയും ഉൾപ്പെടുന്ന ഒന്നാം, മൂന്നാം സാക്ഷികൾക്ക് മൂന്ന് ലക്ഷം രൂപ വീതവും നൽകാൻ കോടതി വിധിച്ചു.
ഒന്നുമുതൽ മൂന്നുവരെയുള്ള സാക്ഷികൾക്ക് ലീഗൽ സർവീസ് അതോറിറ്റി മുഖേന നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. 2016 ഒക്ടോബറിലാണ് തിരുവനന്തപുരത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. കണ്ണമൂലയിൽ മാതാപിതാക്കളും നാട്ടുകാരും നോക്കിനിൽക്കെയാണ് പന്ത്രണ്ടോളം പേരടങ്ങുന്ന അക്രമിസംഘം വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയത്. ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ആദ്യം പേട്ട പൊലീസാണ് അന്വേഷണം നടത്തിയത്. പിന്നീട് ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ ആകെ 12 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ശിക്ഷ വിധിച്ചത്.
