ജാതി മുതൽ ആധാർ വരെ… സെൻസസ് രണ്ടാംഘട്ടത്തിലെ 40 ചോദ്യങ്ങൾ…

സെൻസസ് പ്രക്രിയയുടെ രണ്ടാംഘട്ടത്തിൽ വിവരശേഖരണത്തിനായി ചോദിക്കേണ്ട 40 ചോദ്യങ്ങൾ കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്തു. ജാതി, മതം, വിദ്യാഭ്യാസം, കോവിഡ് വാക്സിനേഷൻ തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടുന്നതാണ് ചോദ്യാവലി. ശൈത്യമേഖലകളിൽ സെപ്റ്റംബർ ഒന്നുമുതലാണ് രണ്ടാംഘട്ട വിവരശേഖരണം ആരംഭിക്കുന്നത്. ലഡാക്ക്, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ ശൈത്യമേഖലകളിൽ സെപ്റ്റംബർ ഒന്ന് മുതൽ 30 വരെ ജനസംഖ്യാ കണക്കെടുപ്പ് നടക്കുമെന്ന് രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യയുടെ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു.
ഓഗസ്റ്റ് 17 മുതൽ 31 വരെ സെൽഫ് എന്യൂമറേഷനും അവസരമുണ്ട്. രാജ്യത്തെ മറ്റ് പ്രദേശങ്ങളിലെ പോപ്പുലേഷൻ എന്യൂമറേഷൻ അടുത്ത വർഷമാണ് ആരംഭിക്കുക. സെൻസസ് ചരിത്രത്തിൽ ആദ്യമായാണ് ജാതി സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നത്. വൈവാഹിക നില, വിവാഹസമയത്തെ പ്രായം, പങ്കാളിയുടെ പേര്, പൗരത്വം, മതം, എസ്.സി.-എസ്.ടി വിഭാഗത്തിൽപ്പെടുന്നവരാണോ തുടങ്ങിയ വിവരങ്ങളും ചോദ്യാവലിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി, ഭിന്നശേഷി, മാതൃഭാഷ, അറിയാവുന്ന മറ്റ് ഭാഷകൾ എന്നിവയെക്കുറിച്ചും വിവരങ്ങൾ തേടും. വിദ്യാഭ്യാസ യോഗ്യത, കോവിഡ് വാക്സിനേഷൻ സ്വീകരിച്ച സ്ഥലം തുടങ്ങിയ വിവരങ്ങളും ശേഖരിക്കും. ഇതിന് പുറമെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങൾ, മൊബൈൽ നമ്പർ, ആധാർ നമ്പർ എന്നിവയും സെൻസസ് വിവരശേഖരണത്തിന്റെ ഭാഗമാകും. രാജ്യത്തെ ജനസംഖ്യയുടെയും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളുടെയും സമഗ്രമായ വിവരശേഖരണമാണ് രണ്ടാംഘട്ടത്തിൽ ലക്ഷ്യമിടുന്നത്.



