ജി സുകുമാരൻ നായർക്കെതിരായ വിമർശനം;നടൻ അനൂപ് ചന്ദ്രനെ തള്ളി കുടുംബം

ജി. സുകുമാരൻ നായർക്കെതിരെ നടൻ അനൂപ് ചന്ദ്രൻ ഉയർത്തിയ വിമർശനങ്ങളെ തള്ളി അനൂപിന്റെ കുടുംബം. അനൂപ് പറഞ്ഞത് അദ്ദേഹത്തിന്റെ സ്വന്തം അഭിപ്രായം മാത്രമാണെന്ന് കുടുംബം പറയുന്നു. കുടുംബത്തിന് അതുമായി യാതൊരു ബന്ധവുമില്ലെന്നും ബന്ധുക്കൾ പറഞ്ഞു. വലിയ ആളാണെന്ന് കാണിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അനൂപ് എൻഎസ്എസിനെതിരെ ഇത്തരം പരാമർശങ്ങൾ നടത്തുന്നതെന്നും കുടുംബം ആരോപിച്ചു.

ജനശ്രദ്ധ കിട്ടാൻ ജനറൽ സെക്രട്ടറിക്കെതിരെ തോന്നിവാസം പറയുന്നെന്നാണ് ബന്ധു പറയുന്നത്. ഫേസ്ബുക് പോസ്റ്റ് കണ്ടപ്പോൾ സന്തോഷം ആയില്ലേ എന്ന് വിളിച്ചു ചോദിച്ചെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന് കാരണം അനൂപ് ചന്ദ്രൻ മാത്രമാണെന്ന ഗുരുതര ആരോപണവുമായി അനൂപിന്റെ സഹോദരന്റെ ഭാര്യ രാജശ്രീയും രംഗത്ത് വന്നു. എൻഎസ്എസ് സ്ഥാപനത്തിലെ ജീവനക്കാരിയായ തന്നെ ട്രാൻസ്ഫർ ചെയ്തത് അനൂപ് എൻഎസ്എസിനെതിരെ പറഞ്ഞതിനാലാണെന്നാണ് ഇവർ ആരോപിക്കുന്നത്.

ആല്ലാതെ എൻഎസ്എസ് അങ്ങനെ ചെയ്യില്ലെന്നും ഇവർ പറയുന്നു. എൻഎസ്എസ് ഞങ്ങളെ ചതിക്കില്ലെന്നും ട്രാൻസ്ഫർ പ്രശ്‌നം പരിഹരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും രാജശ്രീ കൂട്ടിച്ചേർത്തു. എൻഎസ്എസ് എൽപിഎസ് പാണാവള്ളിയിൽ നിന്ന് അടൂരിലേക്കാണ് രാജശ്രീയെ ട്രാൻസ്ഫർ ചെയ്തത്. ഇന്നലെയാണ് ഇത് സംബന്ധിച്ച ട്രാസ്ഫർ ഓർഡർ വന്നത്.

തിരുവനന്തപുരം മന്നം ക്ലബ്ബിൽ വെച്ച് നടത്താനിരുന്ന നായർ സംരക്ഷണ സമിതിയുടെ ‘ദേവതാരുവിലെ ഇത്തിൾക്കണ്ണികൾ’ എന്ന പുസ്തക പ്രകാശനം പ്രസ് ക്ലബ്ബിൽ വച്ച് നടത്തിയപ്പോഴാണ് അനൂപ് ചന്ദ്രൻ സുകുമാരൻ നായരെ രൂക്ഷമായി വിമർശിച്ചത്. എൻഎസ്എസ് കോളജുകൾ ഓരോന്നായി പൂട്ടി വരുകയാണെന്നും ഉണ്ടായിരുന്ന സ്വത്തുക്കളൊക്കെ വിറ്റെന്നും അനൂപ് ചന്ദ്രൻ ചടങ്ങിൽ വിമർശനം ഉന്നയിച്ചിരുന്നു. പിന്നാലെയാണ് തന്റെ സഹോദരന്റെ ഭാര്യയെ ട്രാൻസ്ഫർ ചെയ്‌തെന്ന് ആരോപിച്ച് ഇന്ന് രാവിലെ അനൂപ് ചന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്.

Related Articles

Back to top button