പൂരനഗരിയെ നടുക്കി സ്ഫോടനം.. മുണ്ടത്തിക്കോട് തിരുവമ്പാടിയുടെ വെടിക്കെട്ട് പുരയിൽ അപകടം… തൊഴിലാളികൾക്ക് പരിക്ക്

തൃശൂർ: പൂരപ്രേമികളെയും നാട്ടുകാരെയും ഒരുപോലെ നടുക്കി തൃശൂർ മുണ്ടത്തിക്കോട്ടെ വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ ഉഗ്രസ്ഫോടനം. തൃശൂർ പൂരത്തിന് തിരുവമ്പാടി വിഭാഗത്തിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ ഒരുക്കിയിരുന്ന കേന്ദ്രത്തിലാണ് അപകടമുണ്ടായത്. ഇന്ന് വൈകുന്നേരത്തോടെയായിരുന്നു സംഭവം.
തൃശൂർ പൂരത്തിന് വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനും സൂക്ഷിക്കുന്നതിനുമായി ഉപയോഗിച്ചിരുന്ന പുരയിലാണ് സ്ഫോടനം നടന്നത്. അപകടസമയത്ത് നിരവധി തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. ഇവർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ ഉടൻ തന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിർമ്മാണ ശാല പൂർണ്ണമായും തകർന്നു.
തൃശൂർ പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പൂരത്തിന്റെ പ്രധാന പങ്കാളികളായ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിൽ ഇത്തരമൊരു ദുരന്തമുണ്ടായത്. അഗ്നിശമന സേനയും പോലീസും സ്ഥലത്തെത്തി തീയണയ്ക്കാനും രക്ഷാപ്രവർത്തനത്തിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്. സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സമീപത്തെ വീടുകൾക്കും മറ്റും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതർ പരിശോധിച്ചു വരികയാണ്.



