വട്ടിയൂർക്കാവിൽ പോലീസ് ‘വേട്ട’യെന്ന് ബിജെപി… കമ്മീഷണർ ഓഫീസിലേക്ക് മാർച്ച്, ബ്ലാക്ക് മെയിലിംഗ് എന്ന് എ.എ റഹീം

തിരുവനന്തപുരം: വട്ടിയൂർക്കാവ് എസ്.എച്ച്.ഒ ബിജെപി പ്രവർത്തകരെ വേട്ടയാടുകയാണെന്ന ആരോപണവുമായി ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയും ബിജെപി നേതാക്കളും രംഗത്ത്. പോലീസിന്റ അന്യായമായ അറസ്റ്റിനും മർദ്ദനത്തിനുമെതിരെ നാളെ ഉച്ചയ്ക്ക് 3.30-ന് സിറ്റി പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബിജെപി ബഹുജന മാർച്ച് നടത്തുമെന്ന് കരമന ജയൻ അറിയിച്ചു. എന്നാൽ, ബിജെപിയുടേത് ബ്ലാക്ക് മെയിലിംഗ് രാഷ്ട്രീയമാണെന്ന് എ.എ റഹീം എംപി തിരിച്ചടിച്ചു.
വട്ടിയൂർക്കാവ് എസ്.എച്ച്.ഒ വിപിൻ സിപിഐഎമ്മിന് വേണ്ടിയാണ് നിലകൊള്ളുന്നതെന്ന് ആർ. ശ്രീലേഖ ആരോപിച്ചു. നെട്ടയത്ത് ബിജെപി പ്രവർത്തകരെ പോലീസ് ക്രൂരമായി മർദ്ദിച്ചു. ക്ഷേത്രത്തിൽ കയറി പ്രവർത്തകരെ പിടികൂടിയത് ശരിയല്ല. പരാതിക്കാരനായ ബിനുവിനെ പോലും പോലീസ് ഉപദ്രവിച്ചു. കാച്ചാണി ഭാഗത്ത് ബിജെപിക്ക് വളർച്ചയുണ്ടായതാണ് എൽഡിഎഫിന്റെ പ്രകോപനത്തിന് കാരണമെന്ന് കരമന ജയൻ പറഞ്ഞു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്നും ബിജെപി നേതൃത്വം വ്യക്തമാക്കി.
ആർ. ശ്രീലേഖ മുതിർന്ന പോലീസ് ഉദ്യോഗസ്ഥനുമായി നടത്തിയ സ്വകാര്യ ചാറ്റ് പുറത്തുവിട്ടത് ബ്ലാക്ക് മെയിലിംഗാണെന്ന് എ.എ റഹീം ആരോപിച്ചു. “മുതിർന്ന ഉദ്യോഗസ്ഥരോട് തീട്ടൂരം ഇറക്കാൻ ആർക്കും അധികാരമില്ല. തന്റെ കൈയിലാണ് ഉദ്യോഗസ്ഥരെന്ന് കാണിക്കാനുള്ള നീക്കമാണിത്. മറ്റൊരാളുടെ അനുമതിയില്ലാതെ സ്വകാര്യ ചാറ്റുകൾ പുറത്തുവിടുന്നതിൽ ധാർമ്മികതയുടെ പ്രശ്നമുണ്ട്,” റഹീം പറഞ്ഞു.
നെട്ടയത്ത് ബിജെപി ഏകപക്ഷീയമായ ആക്രമണമാണ് നടത്തുന്നതെന്നും മാധ്യമപ്രവർത്തകർ പോലും അക്രമിക്കപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നഗരസഭ ഭരണം കിട്ടിയതിന്റെ ബലത്തിൽ ബിജെപി അഴിഞ്ഞാടുകയാണെന്നും റഹീം കുറ്റപ്പെടുത്തി.



