പഴക്കുലകൾക്കുള്ളിൽ ലഹരിമരുന്ന്… ലഹരിക്കടത്തിന്റെ പുതിയ രീതി… ഹരിപ്പാട് സ്വദേശി…

കൊച്ചി: ആലുവയിൽ 185 ഗ്രാം എംഡിഎംഎ പിടികൂടിയ കേസിലെ അന്വേഷണത്തിൽ നിർണായക വഴിത്തിരിവ്. ലഹരിക്കടത്ത് സംഘത്തിലെ പ്രധാന കണ്ണിയെന്ന് പോലീസ് സംശയിക്കുന്ന ഹരിപ്പാട് വയ്യാപുരം സ്വദേശി ധനേഷ് എസ്. നായർ അറസ്റ്റിലായി. ഇയാളിൽ നിന്ന് 803 ഗ്രാം ഹാഷിഷ് ഓയിലും എട്ട് ഗ്രാം എംഡിഎംഎയും പിടിച്ചെടുത്തു. ‘ഡാനി’ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ധനേഷ്, ബെംഗളൂരു-മൈസൂരു മേഖലകളിൽ നിന്ന് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയാണെന്നാണ് പോലീസിന്റെ കണ്ടെത്തൽ.
185 ഗ്രാം എംഡിഎംഎയുമായി നേരത്തെ അറസ്റ്റിലായ ഹരികൃഷ്ണന്റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്നാണ് ധനേഷിനെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പോലീസിന് ലഭിച്ചത്. മൈസൂരുവിനടുത്തുള്ള നഞ്ചൻഗുഡിലാണ് ധനേഷ് താമസിച്ചിരുന്നതെന്നാണ് വിവരം. ലഹരിമരുന്ന് കടത്താൻ സംഘം ഉപയോഗിച്ചിരുന്ന രീതികളും അന്വേഷണത്തിൽ പുറത്തുവന്നിട്ടുണ്ട്. മൈസൂരുവിൽ ധനേഷിന് വാഴത്തോട്ടമുണ്ടെന്നും ഇവിടെനിന്ന് കേരളത്തിലേക്ക് വാഴക്കുലകൾ എത്തിച്ചിരുന്നുവെന്നും പോലീസ് പറയുന്നു. ഈ വാഴക്കുലകളുടെ ലോഡുകൾക്കുള്ളിൽ ഒളിപ്പിച്ചാണ് ലഹരിമരുന്ന് കേരളത്തിലേക്ക് കടത്തിയിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഹരികൃഷ്ണന്റെ ഫോണിൽ നിന്ന് ലഭിച്ച വിവരങ്ങളും ദൃശ്യങ്ങളും പരിശോധിച്ചതോടെയാണ് ലഹരിക്കടത്തിലെ വിവിധ രീതികൾ പോലീസിന് വ്യക്തമായത്. ബെംഗളൂരു-മൈസൂരു മേഖലകളിൽനിന്ന് നേന്ത്രപ്പഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ എംഡിഎംഎ കേരളത്തിലെത്തിച്ചിരുന്നതായാണ് പോലീസിന്റെ കണ്ടെത്തൽ. സംഘത്തിലെ കൂടുതൽ കണ്ണികളെ കണ്ടെത്താനും ലഹരിക്കടത്തിന്റെ വ്യാപ്തി പരിശോധിക്കാനുമുള്ള അന്വേഷണം പോലീസ് തുടരുകയാണ്.



