അധ്യാപികമാർ ഉൾപ്പെട്ട ലഹരി കേസ്… സ്വത്ത് കണ്ടുകെട്ടൽ ഉൾപ്പെടെ കടുത്ത നടപടിയിലേക്ക്….

വടകര: എംഡിഎംഎ കേസിൽ അറസ്റ്റിലായ അധ്യാപികമാർ ഉൾപ്പെടെയുള്ള അഞ്ച് പ്രതികളുടെയും സ്വത്ത് കണ്ടുകെട്ടാനുള്ള നടപടികളിലേക്ക് പൊലീസ്. പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ വഴി കോടികളുടെ സാമ്പത്തിക ഇടപാടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. പിടിയിലായ അധ്യാപികമാർക്ക് പ്രതിമാസം 12,000 മുതൽ 13,000 വരെ മാത്രമാണ് ശമ്പളമെങ്കിലും, ഇവരുടെ അക്കൗണ്ടുകളിൽ ലക്ഷക്കണക്കിന് രൂപയുടെ ഇടപാടുകൾ കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.
ആഡംബര ജീവിതം നയിച്ചതിനും അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ലഹരി വിൽപ്പനയിലൂടെ പ്രതികൾ സ്വത്തുക്കൾ സമ്പാദിച്ചിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും, അങ്ങനെ കണ്ടെത്തിയാൽ എൻഡിപിഎസ് നിയമപ്രകാരം സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും കണ്ണൂർ റെയിഞ്ച് ഡിഐജി കെ. കാർത്തിക് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. കഴിഞ്ഞ 28-ന് അറസ്റ്റിലായ സഫുവാൻ ഉൾപ്പെടെ അഞ്ച് പ്രതികളാണ് നിലവിൽ കേസിലുള്ളത്. ഇവരിൽ അവസാനമായി പിടിയിലായ കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിന്റെ ബാങ്ക് അക്കൗണ്ടിലൂടെ കഴിഞ്ഞ ഒരു വർഷത്തിനിടെ ₹1 കോടിയിലധികം രൂപയുടെ ഇടപാട് നടന്നതായാണ് പൊലീസ് കണ്ടെത്തിയത്. സാധാരണ ഡെലിവറി ഏജന്റായി ജോലി ചെയ്തിരുന്ന ജിജിലിന്റെ അക്കൗണ്ടിലേക്കെത്തിയ ഈ തുക ലഹരി ഇടപാടിലൂടെ ലഭിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഡെലിവറി ജോലി മറയാക്കി ലഹരി വിൽപ്പന നടത്തിയിരുന്നുവെന്നും അന്വേഷണ സംഘം സംശയിക്കുന്നു.
കേസിൽ അറസ്റ്റിലായവരിൽ മൂന്നുപേർ അധ്യാപികമാരായതിനാൽ വിദ്യാർഥികളെയും ലഹരി ശൃംഖലയുടെ ഭാഗമാക്കിയിട്ടുണ്ടോ എന്ന ആശങ്ക ഉയർന്നിരുന്നു. എന്നാൽ നിലവിൽ അത്തരം വിവരങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും രക്ഷിതാക്കളിൽ നിന്നോ മറ്റാരിൽ നിന്നോ പരാതികൾ ലഭിച്ചിട്ടില്ലെന്നും റൂറൽ എസ്.പി മെറിൻ ജോസഫ് അറിയിച്ചു. ചൊവ്വാഴ്ച പേരാമ്പ്ര ബിആർസിയിലെ അധ്യാപിക നീഷ്മയെയും കണ്ണൂർ ഇരിട്ടി സ്വദേശി ജിജിൽ കുര്യാക്കോസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജിജിലാണ് കേസിലെ പ്രധാന കണ്ണിയെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.



