നാസിക്കിലെ വിദ്യാര്‍ഥിക്ക് കിട്ടിയത് യഥാര്‍ഥ ചോദ്യ പേപ്പറോ….

നീറ്റ് യുജി പരീക്ഷയുടെ യഥാര്‍ഥ ചോദ്യ പേപ്പര്‍ ചോര്‍ന്നെന്ന് സംശയം. നാസിക്കിലെ വിദ്യാര്‍ഥിക്ക് കിട്ടിയത് യഥാര്‍ഥ ചോദ്യ പേപ്പറെന്ന സംശയത്തിലാണ് സിബിഐ. പത്തുലക്ഷം രൂപ നല്‍കിയാണ് രാജസ്ഥാനില്‍ അറസ്റ്റിലായ ശുഭം ഖൈര്‍നാര്‍ ചോദ്യ പേപ്പര്‍ വാങ്ങിയത്. കൊറിയര്‍ സര്‍വീസ് വഴിയാണ് ഇടപാടുകള്‍ നടന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. ഇയാളെ സിബിഐക്ക് കൈമാറും.
ശുഭം ചോദ്യപേപ്പര്‍ പതിനഞ്ച് ലക്ഷം രൂപയ്ക്ക് ഗുരുഗ്രാമിലെ വിദ്യാര്‍ഥിക്ക് വിറ്റു. 120 ചോദ്യങ്ങള്‍ പിന്നീട് മാതൃക പേപ്പര്‍ ഉണ്ടാക്കാനും ഉപയോഗിച്ചതായി സംശയമുണ്ട്. പിന്നീട് കോപ്പികള്‍ കേരളം, രാജസ്ഥാന്, ഉത്തരാഖണ്ഡ്, ബീഹാര്‍, ജമ്മുകശ്മീര്‍, സംസ്ഥാനങ്ങളിലും എത്തി. 180 ഉദ്യോഗാര്‍ത്ഥികളെയും മാതാപിതാക്കളെയും ഇതുവരെ ചോദ്യം ചെയ്തു.
നീറ്റ് യു ജി പരീക്ഷ നടക്കുന്ന മെയ് മൂന്നിന് തൊട്ടു തലേദിവസം മെയ് രണ്ടാം തീയതി രാത്രി 11 മണിക്ക് കേരളത്തില്‍ എംബിബിഎസ് പഠിക്കുന്ന ചുരു സ്വദേശി പിതാവിന് അയച്ചു നല്കിയ മാതൃക ചോദ്യപേപ്പര്‍ ആണ് ചോര്‍ച്ച പുറത്തുകൊണ്ടുവന്നത്. സിക്കാറിലുള്ള ഒരു സുഹൃത്തില്‍ നിന്നാണു കേരളത്തിലെ വിദ്യാര്‍ഥിക്ക് മാതൃക പേപ്പര്‍ ലഭിച്ചത്.
തനിക്ക് പരിചയമുള്ള ഒരു കെമിസ്ട്രി അധ്യാപകന് പിതാവ് മാതൃക പേപ്പര്‍ അയച്ചുകൊടുത്തു. പിന്നീട് ഒരു ബയോളജി അധ്യാപകനുമായും പങ്കുവെച്ചു. യഥാര്‍ത്ഥ ചോദ്യപേപ്പറിലെ ചോദ്യങ്ങളോട് മാതൃക പേപ്പറിലെ 600 മാര്‍ക്കിന്റെ ചോദ്യങ്ങളും ഒത്തുപോകുന്നത് കണ്ടെത്തിയതോടെയാണ് ക്രമക്കേടിന്റെ ആഴം ബോധ്യപ്പെട്ടത്. ഇവര്‍ രാജസ്ഥാന് പോലീസിനെ സമീപിച്ചെങ്കിലും കേസെടുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. പിന്നീട് എന്‍ടിഎയെ സമീപിച്ചപ്പോഴാണ് രാജസ്ഥാന് എസ്ഒജിയോട് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.



