പമ്പയിൽ മിന്നൽ പരിശോധന; മദ്യനിരോധിത മേഖലയിലെ കെട്ടിടത്തിൽ നിന്ന് 5 ലിറ്റർ വിദേശമദ്യം പിടികൂടി

ശബരിമല–പമ്പ മേഖലയിൽ ദേവസ്വം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ച് ലിറ്റർ വിദേശമദ്യം പിടിച്ചെടുത്തു. പമ്പയിലെ മരാമത്ത് വകുപ്പ് ഓഫീസ് കെട്ടിടത്തിൽ നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ശബരിമലയിൽ സേവനമനുഷ്ഠിക്കുന്ന ആംബുലൻസ് ഡ്രൈവർ സജീഷിനെ വിജിലൻസ് കസ്റ്റഡിയിലെടുത്തു.

പമ്പയും ശബരിമലയും ഉൾപ്പെടുന്ന പൂങ്കാവന പ്രദേശം പൂർണമായും മദ്യനിരോധിത മേഖലയായതിനാൽ സംഭവം ഗൗരവത്തോടെയാണ് വിജിലൻസ് കാണുന്നത്. മരാമത്ത് വകുപ്പ് കെട്ടിടത്തിലെ 13-ാം നമ്പർ മുറിയിൽ മദ്യം സൂക്ഷിച്ചിട്ടുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച നടത്തിയ പരിശോധനയിലാണ് മദ്യം കണ്ടെത്തിയത്. ഈ മുറിയിലായിരുന്നു സജീഷ് താമസിച്ചിരുന്നത്.

കഴിഞ്ഞ 13 വർഷമായി ശബരിമല–പമ്പ മേഖലയിലെ ആംബുലൻസ് ഡ്രൈവറായി ജോലി ചെയ്യുന്ന സജീഷിന് പമ്പ കേന്ദ്രീകരിച്ച് നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകളുമായി ബന്ധമുണ്ടെന്ന പ്രാഥമിക വിവരവും വിജിലൻസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തിൽ മറ്റ് വ്യക്തികൾക്ക് പങ്കുണ്ടോയെന്നും സാമ്പത്തിക ഇടപാടുകളുടെ സ്വഭാവമെന്താണെന്നും കണ്ടെത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.

Related Articles

Back to top button