അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ്… സഹോദരൻ അജയ്…

കോഴിക്കോട്: അർജുൻ ആയങ്കിയുടെ സഹോദരൻ അജയ് അറസ്റ്റിൽ. അർജുൻ ആയങ്കിക്കായി ക്രൗഡ് ഫണ്ടിങ് നടത്തിയെന്ന കേസിലാണ് കോഴിക്കോട് നടക്കാവ് പൊലീസ് അജയിനെ അറസ്റ്റ് ചെയ്തത്. മുൻകരുതൽ നടപടിയുടെ ഭാഗമായാണ് അറസ്റ്റെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. നിരവധി കേസുകളിൽ പ്രതിയും ഒളിവിൽ കഴിയുന്നയാളുമായ അർജുൻ ആയങ്കിയുടെ പേരിലുള്ള അക്കൗണ്ട് ഉപയോഗിച്ച് സോഷ്യൽ മീഡിയയിലൂടെ അജയ് ക്രൗഡ് ഫണ്ടിങ് നടത്തിയെന്നാണ് എഫ്.ഐ.ആറിൽ പറയുന്നത്. ഞായറാഴ്ച പുലർച്ചെ 12.30ന് ഈസ്റ്റ് നടക്കാവിലെ ബ്ലിങ്കിറ്റ് സ്ഥാപനത്തിന് മുന്നിൽവെച്ച് നിയമാനുസൃതമായ മുൻകരുതൽ നടപടിയായി അറസ്റ്റ് ചെയ്തെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പൊലീസിനെയും സർക്കാരിനെയും വെല്ലുവിളിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെയും ഞായറാഴ്ച പുലർച്ചെ കണ്ണൂരിൽനിന്ന് പൊലീസ് പിടികൂടി. പുലർച്ചെ രണ്ടരയോടെയാണ് ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം അർജുനെ കസ്റ്റഡിയിലെടുത്തത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിലേക്ക് എത്തിയ അർജുൻ, പൊലീസ് എത്തിയതോടെ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. വാറണ്ടില്ലാതെ അർജുനെ അറസ്റ്റ് ചെയ്യാനാകില്ലെന്ന നിലപാടാണ് അഭിഭാഷക ദമ്പതികൾ സ്വീകരിച്ചത്. ഇതിനിടെ അപ്പാർട്ട്മെന്റിൽനിന്ന് പുറത്തേക്ക് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച അർജുനെ പൊലീസ് പിടികൂടുകയായിരുന്നു. കസ്റ്റഡിയിലെടുത്ത പൊലീസുകാരോട് “കടലിൽ കാണാതായവരെ കിട്ടിയോ?” എന്നായിരുന്നു അർജുൻ ചോദിച്ചതെന്നാണ് വിവരം. അർജുന്റെ വൈദ്യപരിശോധന പൂർത്തിയായി. കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് നൽകിയ പരാതിയിൽ കണ്ണൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അർജുനെ കോടതിയിൽ ഹാജരാക്കും. ആഭ്യന്തരമന്ത്രിയെ വെല്ലുവിളിച്ചെന്ന പരാതിയിലാണ് കണ്ണൂർ സൈബർ പൊലീസ് കേസെടുത്തത്.
സ്റ്റേഷനിൽനിന്ന് പുറത്തേക്ക് കൊണ്ടുവന്നപ്പോൾ അർജുൻ ആയങ്കി മാധ്യമങ്ങളോടും പ്രതികരിച്ചു. കോതമംഗലം സിഐക്കെതിരായ സോഷ്യൽ മീഡിയ പോസ്റ്റിൽ “ജീവിതം നശിപ്പിച്ച ആളായതുകൊണ്ടാണ് വീഡിയോ ഇട്ടത്” എന്നായിരുന്നു അർജുന്റെ പ്രതികരണം. നേരത്തെ കള്ളക്കേസിൽ കുടുക്കുന്നതായി ആരോപിച്ച് പൊലീസിനെതിരെ നിരവധി സോഷ്യൽ മീഡിയ പോസ്റ്റുകളാണ് അർജുൻ പങ്കുവെച്ചത്. ഒളിവിലുള്ള തന്നെ പിടികൂടാൻ പൊലീസിനെ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. “ചത്താലും ഭയപ്പാടില്ല, മുട്ടിന് വെടിവെച്ചാലും മുട്ടുകുത്തില്ല” തുടങ്ങിയ പരാമർശങ്ങളും അർജുന്റെ പോസ്റ്റുകളിലുണ്ടായിരുന്നു. അർജുനെ പിടികൂടാൻ കഴിയാത്തതിൽ പൊലീസിനെതിരെ വിമർശനവും ശക്തമായിരുന്നു. അർജുൻ ആയങ്കി കാറിൽ പാലിയേക്കര ടോൾ പ്ലാസ കടന്നുപോകുന്ന ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. തുടർന്ന് എടപ്പാളിലെ ആയുർ ഗ്രീൻ ആശുപത്രിയിലെ കഫേയിൽ അർജുനും സംഘവും ചായ കുടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. ഇതോടെ പൊലീസിനെതിരായ വിമർശനം കൂടുതൽ ശക്തമായി.
അർജുനെ രക്ഷപ്പെടാൻ സഹായിച്ചെന്ന സംശയത്തിൽ സഹോദരൻ അഖിലിനെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. പാലിയേക്കര ടോൾ പ്ലാസയിൽനിന്ന് അർജുൻ രക്ഷപ്പെട്ട വിവരം പുറത്തുവന്നതിന് പിന്നാലെ തൃശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനത്തുനിന്നാണ് അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. എടപ്പാളിൽ നീല സ്വിഫ്റ്റ് കാറിൽ അർജുനൊപ്പം എത്തിയ എടപ്പാൾ വട്ടംകുളം സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, ഫൈസൽ, നൗഫൽ, അഷ്കർ എന്നിവരെയും പൊലീസ് ചോദ്യം ചെയ്യാനായി കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ മെയ് മാസത്തിലാണ് സംഘടിത കുറ്റകൃത്യത്തിനായി ഗൂഢാലോചന നടത്തിയെന്ന കേസിൽ സുഹൃത്തിന്റെ വിവാഹത്തിനെത്തിയ അർജുൻ ആയങ്കിയെയും മറ്റ് ആറ് പേരെയും കോതമംഗലം എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 21 ദിവസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതിന് പിന്നാലെ കോതമംഗലം എസ്എച്ച്ഒക്കെതിരെ ഭീഷണി നിറഞ്ഞ കുറിപ്പും അർജുൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു. “പെൻഷൻ വാങ്ങി ശിഷ്ടകാലം നിന്നെ ജീവിക്കാൻ അനുവദിക്കില്ല” എന്നായിരുന്നു കുറിപ്പിലെ ഭീഷണി. ഇതിലാണ് ഊന്നുകൽ പൊലീസ് കേസെടുത്തത്.




