എ.എ. റഹീമിന്റെ ഫോണിൽ ലൈവിൽ വന്ന് ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും; ഒരേ ബസിൽ രാഷ്ട്രീയ ഭിന്നതകൾ മറന്ന് സി.പി.എം, കോൺഗ്രസ് നേതാക്കൾ

എസ്.ഐ.ആറിനെതിരെ സുപ്രീം കോടതിയിലേക്ക് നടത്തുന്ന ഇൻഡ്യ സഖ്യ മാർച്ചിൽ പ​ങ്കെടുക്കാൻ പ്രതിപക്ഷ നിരയിലെ പ്രമുഖ നേതാക്കളും എത്തിയത് ഒരേ ബസിൽ. രാഷ്ട്രീയ അഭിപ്രായ വ്യത്യാസങ്ങളും പാർട്ടി ഭിന്നതകളും മാറ്റിവെച്ചാണ് യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.ഐ, വിദ്യാർത്ഥി -യുവജന പ്രസ്ഥാനങ്ങളുടെ അമരക്കാരുടെ യാത്ര.

കേരളത്തിൽ നിന്നുള്ള പ്രമുഖ നേതാക്കളായ ശശി തരൂർ എം.പി, എ.എ. റഹീം എം.പി, അബിൻ വർക്കി, ഒ.ജെ. ജനീഷ്, ചാണ്ടി ഉമ്മൻ തുടങ്ങിയവർ ഒരുമിച്ച് ഒരു ബസ്സിലാണ് പ്രതിഷേധത്തിന് ആവേശം പകരുന്നത്. ഇവരോടൊപ്പം എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി, കെ.സി. വേണുഗോപാൽ, സി.പി.എം നേതാവ് എം.എ. ബേബി, യോഗേന്ദ്ര യാദവ് തുടങ്ങിയവരുമുണ്ട്. യാത്രക്കിടെ എ.എ. റഹീമിന്റെ ഫോണിലൂ​ടെ ശശി തരൂരും ഒ.ജെ. ജനീഷും അബിൻ വർക്കിയും വാർത്ത ചാനലിൽ ലൈവിൽ വരികയും ചെയ്തത് കേരളത്തിന് പുതിയ അനുഭവമായി. ജന്തർ മന്തർ ഇനി സമരകേന്ദ്രമാക്കില്ലെന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ ഡൽഹിയുടെ തെരുവുകളെയാകെ പ്രക്ഷോഭ ഭൂമിയാക്കി മാറ്റുകയാണ് ഇൻഡ്യ സഖ്യം. രാജ്യത്തെ 13 കോടിയോളം വോട്ടർമാരുടെ പേരുകൾ വെട്ടിയ നടപടിക്കും ജനാധിപത്യ അവകാശങ്ങൾ തച്ചുടക്കാനുള്ള നീക്കങ്ങൾക്കുമെതിരെയുമാണ് ഈ പോരാട്ടമെന്ന് എ.എ. റഹീം എം.പി വ്യക്തമാക്കി. രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും ഭിന്നതകൾ മറന്ന് ഒറ്റക്കെട്ടായി പോരാടേണ്ട സാഹചര്യമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button