മുഖ്യമന്ത്രി വി ഡി സതീശന് ജൂൺ 19 വരെ സന്ദർശകർക്ക് നിയന്ത്രണം… നാടിന്റെ മികച്ച നാളേയ്ക്കായി പിന്തുണ തേടി ഓഫീസ്

തിരുവനന്തപുരം: ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി വി.ഡി. സതീശന് ജൂൺ 19 വെള്ളിയാഴ്ച വരെ സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പുതിയ സർക്കാരിന്റെ ആദ്യ ബജറ്റ് തയ്യാറാക്കുന്നതിന്റെ അന്തിമ തിരക്കുകളിലായതിനാലാണ് നിയന്ത്രണം. താൽക്കാലിക ബുദ്ധിമുട്ടിൽ എല്ലാവരുടെയും സഹകരണവും സംസ്ഥാനത്തിന്റെ വികസന ദൗത്യത്തിൽ പൂർണ്ണ പിന്തുണയും പ്രതീക്ഷിക്കുന്നതായി ഓഫീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ വ്യക്തമാക്കുന്നു.
അറിയിപ്പിന്റെ പൂർണ്ണരൂപം….
”നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റ് തയ്യാറാക്കുന്നതിന്റെ തിരക്കുകളിലാണ് ബഹു. മുഖ്യമന്ത്രി. ആയതിനാൽ ജൂൺ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദർശകരെ നേരിട്ട് കാണാൻ സാധിക്കാത്തതിൽ ഖേദിക്കുന്നു. ഈ താൽക്കാലിക ബുദ്ധിമുട്ടിൽ നിങ്ങളുടെ സഹകരണം കൂടി അഭ്യർത്ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തിൽ എല്ലാവരുടെയും ആത്മാർത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു.” വി.ഡി. സതീശൻ സർക്കാരിന്റെ കന്നി ബജറ്റാണ് വരാനിരിക്കുന്ന വെള്ളിയാഴ്ച നിയമസഭയിൽ അവതരിപ്പിക്കുക. സംസ്ഥാനത്തിന്റെ സാമ്പത്തിക പുനരുജ്ജീവനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബജറ്റിൽ വൻ പ്രഖ്യാപനങ്ങളാണ് ജനങ്ങൾ പ്രതീക്ഷിക്കുന്നത്.
പ്രധാന വാഗ്ദാനമായ ‘ഇന്ദിര ഗ്യാരന്റി’ നടപ്പാക്കുന്നതിനായി എത്ര തുക വകയിരുത്തുമെന്നാണ് രാഷ്ട്രീയ-സാമൂഹിക മേഖലകൾ ഉറ്റുനോക്കുന്നത്. ഇതിന് പുറമെ, നിലവിൽ തുടക്കം കുറിച്ച കെഎസ്ആർടിസി ബസുകളിലെ സ്ത്രീകളുടെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിക്കുള്ള ഫണ്ട്, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാ പദ്ധതി, വയോജന വകുപ്പിനായുള്ള പ്രത്യേക നീക്കിവെപ്പുകൾ എന്നിവയുടെ വിശദാംശങ്ങളും ഈ ബജറ്റിലുണ്ടാകും. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സാധാരണക്കാർക്ക് ആശ്വാസം നൽകുന്ന പ്രഖ്യാപനങ്ങൾ ബജറ്റിൽ ഉണ്ടാകുമെന്നാണ് സൂചന.



