ഹൈക്കമാൻഡിന്റെ നിർദ്ദേശമെത്തി.. ചെന്നിത്തലയ്ക്ക്..

ഹൈക്കമാൻഡിന്റെ മുഖ്യമന്ത്രി തീരുമാനത്തിന് പിന്നാലെ ഇടഞ്ഞുനിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആഭ്യന്തരം, വിജിലൻസ് എന്നി വകുപ്പുകളോടെ വി ഡി സതീശൻ മന്ത്രിസഭയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ. പ്രതിഷേധസൂചകമായി പാർട്ടി യോഗങ്ങളിൽ നിന്ന് വിട്ടുനിന്ന നേതാവിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായി, അദ്ദേഹത്തെ ഉയർന്ന പദവിയുള്ള വകുപ്പുകൾ നൽകി മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ഹൈക്കമാൻഡ് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന് നിർദ്ദേശം നൽകി. പാർട്ടിയിലെ ഗ്രൂപ്പുകൾക്കിടയിൽ ഒരു സന്തുലിതാവസ്ഥ നിലനിർത്താനാണ് ഹൈക്കമാൻഡിന്റെ ഈ നീക്കമെന്ന് പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. ചെന്നിത്തല മന്ത്രിസഭയിൽ ചേരാൻ വിസമ്മതിച്ചേക്കുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഈ നിർണായക ഇടപെടൽ ഉണ്ടായത്.
യുഡിഎഫ് സർക്കാരിന്റെ മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വം ഇന്ന് ഘടകകക്ഷികളുമായി ഉഭയകക്ഷി ചർച്ച നടത്തും. 21 അംഗ മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ 11 മന്ത്രിമാരായിരിക്കും കോൺഗ്രസിനുണ്ടാകുക. ഇതിൽ ഒരാളായി വരുന്ന ചെന്നിത്തലയ്ക്ക് സുപ്രധാന വകുപ്പ് തന്നെ നൽകണമെന്നാണ് ഹൈക്കമാൻഡ് നിർദേശം. ചെന്നിത്തലയ്ക്ക് നിർണായകമായ രണ്ട് വകുപ്പുകൾ നൽകണമെന്ന കാര്യത്തിൽ പൊതുവേ എല്ലാവർക്കും സമ്മതമാണ്. എന്നാൽ സതീശനോട് അടുപ്പമുള്ള ചില നേതാക്കൾ ഇതിനെതിരായിരുന്നു എന്നാണ് സൂചന. എന്നാൽ ചെന്നിത്തലയുടെ സീനിയോറിറ്റി പരിഗണിക്കുമ്പോൾ അദ്ദേഹം ഈ പദവിക്ക് പൂർണ്ണമായും യോഗ്യനാണെന്ന് ഹൈക്കമാൻഡ് സതീശനെ ബോധ്യപ്പെടുത്തുകയായിരുന്നു. കൂടാതെ, മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരാർഥികളിൽ ഒരാളായിരുന്നു ചെന്നിത്തലയെന്ന കാര്യവും ഹൈക്കമാൻഡ് നിയുക്ത മുഖ്യമന്ത്രിയെ ഓർമ്മിപ്പിച്ചു. ചെന്നിത്തല ഈ ഓഫർ സ്വീകരിച്ചേക്കുമെന്നാണ് സൂചന.
നേരത്തെ, ചെന്നിത്തലയുടെ വസതി സന്ദർശിച്ച് സതീശൻ അനുനയിപ്പിക്കാൻ ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിസഭയിൽ ചേരുന്ന കാര്യത്തിൽ രമേശ് ചെന്നിത്തല സമ്മതംമൂളിയത്. എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷിയും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുകയും ടീമിൽ ചേരേണ്ടതിന്റെ ആവശ്യകത ചെന്നിത്തലയെ ബോധ്യപ്പെടുത്തി ഒരു മണിക്കൂർ നീണ്ട ചർച്ച നടത്തുകയും ചെയ്തിരുന്നു.
അതിനിടെ കോൺഗ്രസും യുഡിഎഫും മന്ത്രിസഭാ രൂപീകരണത്തെക്കുറിച്ച് അനൗപചാരിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച സത്യപ്രതിജ്ഞ ചെയ്യുന്ന സതീശൻ മന്ത്രിസഭ, സമുദായിക സമവാക്യങ്ങളും പ്രാദേശിക സന്തുലിതാവസ്ഥയും നിലനിർത്തിക്കൊണ്ട് മുതിർന്നവരുടെയും പുതുമുഖങ്ങളുടെയും മിശ്രിതമായിരിക്കും. കെ സി വേണുഗോപാൽ ക്യാമ്പ് തങ്ങൾക്ക് ടീമിൽ മതിയായ പ്രതിനിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്നുണ്ട്. ചെന്നിത്തലയ്ക്ക് പുറമെ, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്, കെ മുരളീധരൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, കെപിസിസി വർക്കിങ് പ്രസിഡന്റുമാരായ എ പി അനിൽ കുമാർ, പി സി വിഷ്ണുനാഥ് തുടങ്ങിയവർ മന്ത്രിസഭയിൽ ഇടംപടിക്കുമെന്നാണ് പ്രതീക്ഷ. എം ലിജുവും പരിഗണനയിലുണ്ട്. കൊല്ലം നേതാവ് ബിന്ദു കൃഷ്ണയോ സതീശൻ അനുകൂലിയായ ഷാനിമോൾ ഉസ്മാനോ മന്ത്രിസഭയിലെ വനിതാ മുഖമായേക്കാം.
കെ സി അനുകൂലിയായ ടി സിദ്ദിഖ് അല്ലെങ്കിൽ ചെന്നിത്തല ക്യാമ്പിൽ നിന്നുള്ള അൻവർ സാദത്ത് എന്നിവരെയും പരിഗണിച്ചേക്കാം. സമുദായിക സമവാക്യങ്ങൾ ഉറപ്പാക്കാൻ മാത്യു കുഴൽനാടൻ അല്ലെങ്കിൽ റോജി എം ജോൺ എന്നിവരിൽ ഒരാൾക്ക് മന്ത്രിസ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. അതുപോലെ, തലസ്ഥാന ജില്ലയിൽ നിന്ന് എൻ ശക്തൻ അല്ലെങ്കിൽ എം വിൻസെന്റ് എന്നിവരിൽ ഒരാളായിരിക്കും തെരഞ്ഞെടുക്കപ്പെടുക. തിരുവഞ്ചൂരിനെ പട്ടികയിൽ നിന്ന് ഒഴിവാക്കുകയാണെങ്കിൽ ചാണ്ടി ഉമ്മനെ പരിഗണിച്ചേക്കാം.സ്പീക്കർ തെരഞ്ഞെടുപ്പ് മെയ് 22-ന് നടക്കാൻ സാധ്യതയുണ്ട്. കെ ജയന്ത് അല്ലെങ്കിൽ വി ടി ബൽറാം എന്നി പേരുകളും മന്ത്രിസ്ഥാനത്തേയ്ക്ക് പരിഗണിക്കുന്ന പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.



